ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടകര്‍ മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്. മടങ്ങുന്നതിനു മുമ്പായി നിര്‍വ്വഹിക്കേണ്ട വിടവാങ്ങല്‍ തവാഫിന്റെ തിരക്കിലാണ് പല തീര്‍ത്ഥാടകരും. മടക്കയാത്രയ്ക്കായി ജിദ്ദയില്‍നിന്നുള്ള വിമാനസര്‍വ്വീസുകള്‍ ഇന്ന് ആരംഭിച്ചു. മദീനയില്‍നിന്നുള്ള വിമാനസര്‍വ്വീസുകള്‍ വെള്ളിയാഴ്ച ആരംഭിക്കും. അഞ്ചുലക്ഷത്തോളം തീര്ഥാടകര്‍ മദീനയില്‍ നിന്നും എട്ടുലക്ഷത്തില്‍പ്പരം തീര്ഥാടകര്‍ ജിദ്ദയില്‍നിന്നും സ്വദേശത്തെക്ക് മടങ്ങും.
തീര്ഥാടകര്‍ക്കാവശ്യമായ സംസംവെള്ളം നേരത്തെ ഹജ്ജ് വിമാനങ്ങള്‍ തിരിച്ചുപോകുമ്പോള്‍ കയറ്റിവിട്ടിരുന്നു. ഇത് നാട്ടിലെ വിമാനത്താവളങ്ങളില്‍വെച്ച് തീര്‍ത്ഥാടകര്‍ക്ക് വിതരണംചെയ്യും. ഹജ്ജ് മന്ത്രാലയത്തിന്റെ വക തീര്ഥാടകര്‍ക്ക് ഖുറാന്‍ പ്രതിയും മറ്റുസമ്മാനങ്ങളും വിതരണം ചെയ്യുന്നുണ്ട്. 18,63,000 തീര്ഥാടകര്‍ ഇത്തവണ ഹജ്ജ് നിര്‍വ്വഹിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 13,25,372 പേരില്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഹജ്ജിനെത്തിയവരാണ്. അനധികൃത തീര്‍ത്ഥാടകരുടെ എണ്ണം രണ്ടു വര്‍ഷം മുമ്പ് അഞ്ചുലക്ഷംആയിരുന്നെങ്കില്‍ ഇത്തവണ പകുതിയിലധികം കുറയ്ക്കാന്‍ സാധിച്ചു. 6,90,000ത്തോളം തീര്ഥാടകര്‍ക്ക് മെനിഞ്ചറ്റിസ് പോളിയോ പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍ നാലു ലക്ഷത്തോളം തീര്ഥാടകര്‍ ചികിത്സ തേടിയെത്തി. കൊറോണ വൈറസ് ഉള്‍പ്പെടെ പകര്‍ച്ചവ്യാധി രോഗങ്ങളൊന്നും ഹജ്ജ് വേളയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
