മിനായില്‍ താമസിച്ച് ഇന്ന് മുതല്‍ മൂന്നു ദിവസം മൂന്ന് ജമ്രകളിലും ഹജ്ജ് തീര്‍ഥാടകര്‍ കല്ലേറ് കര്‍മം നിര്‍വഹിക്കുന്നു. അതേസമയം നാളെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി കര്‍മങ്ങള്‍ അവസാനിപ്പിച്ചു മിനായില്‍ നിന്നും മടങ്ങാനുള്ള അവസരവും തീര്‍ഥാടകര്‍ക്കുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തി പകുതിയിലധികം തീര്‍ഥാടകരും നാളെ തന്നെ മിനായില്‍ നിന്നും മടങ്ങും. അറഫാ സംഗമം, മുസ്ദലിഫയിലെ താമസം, മക്കയില്‍ കഅബയെ പ്രദിക്ഷണം വെക്കല്‍, ബലി നല്‍കല്‍, മുടിയെടുക്കല്‍ തുടങ്ങിയ കര്‍മങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയ തീര്‍ഥാടകര്‍ ഇപ്പോള്‍ മിനായിലെ തമ്പുകളില്‍ കഴിയുകയാണ്. സമീപ കാലത്തൊന്നും കാണാത്തത്ര തിരക്ക് കുറവാണ് മിനായിലും പ്രത്യേകിച്ച് ജമ്രാ പാലത്തിലും. സമാധാനത്തോടെ സുഗമമായി തീര്‍ഥാടകര്‍ കല്ലേറ് കര്‍മം നിര്‍വഹിക്കുന്നു.

അഞ്ച് നിലകളുള്ള ജമ്രാ പാലത്തിന്റെ താഴത്തെ നിലയില്‍ ഇന്നലെ അഞ്ചു ലക്ഷം തീര്‍ഥാടകരും ഒന്നാമത്തെ നിലയില്‍ മൂന്നര ലക്ഷം തീര്‍ഥാടകരും കല്ലേറ് കര്‍മം നിര്‍വഹിച്ചതായാണ് കണക്ക്. ബാക്കിയുള്ളവര്‍ മറ്റു നിലകളില്‍ കല്ലേറ് കര്‍മം നിര്‍വഹിച്ചു. നിയമവിരുദ്ധമായി ഹജ്ജ് നിര്‍വഹിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചു ശതമാനം കുറഞ്ഞതായി മക്കാ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.