ജിദ്ദ: കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസിന് തുരങ്കം വെക്കാന്‍ ഏതെങ്കിലും വ്യവസായികള്‍ വിചാരിച്ചാല്‍ സാധിക്കില്ലെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൌലവി പറഞ്ഞു. ഹജ്ജ് സര്‍വീസ് കരിപ്പൂരിലേക്ക് തിരിച്ചു വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാക്കാല്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും രേഖാമൂലമുള്ള ഉറപ്പില്ല. ഇത് പാലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുഹമ്മദ് കുഞ്ഞി മൗലവി അറിയിച്ചു.

കേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ അടുത്ത അടുത്ത വര്‍ഷം കരിപ്പൂരില്‍ നിന്നായിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി പറഞ്ഞു. എന്നാല്‍ ഇതുസംബന്ധമായി രേഖാമൂലമുള്ള ഉറപ്പ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഹജ്ജ് സര്‍വീസ് കരിപ്പൂരിലേക്ക് തിരിച്ചു വന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. കരിപ്പൂരിനോടുള്ള അവഗണനക്കെതിരെ മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം കോടതിയില്‍ നല്‍കിയ കേസില്‍ ആവശ്യമെങ്കില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി കക്ഷി ചേരും. ഏതെങ്കിലും വ്യവസായികള്‍ വിചാരിച്ചാല്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ നിന്നും സ്ഥിരമായി മാറ്റാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജിദ്ദയില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി 11,197 തീര്‍ഥാടകര്‍ക്കാണ് ഇത്തവണ കേരളത്തില്‍ നിന്നും ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. വൈറ്റിംഗ് ലിസ്റ്റില്‍ ഉള്ള ചിലര്‍ക്ക് കൂടി അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഓഗസ്ത് പതിമൂന്ന് മുതല്‍ ഇരുപത്തിയൊന്നു വരെയാണ് കേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ്. തൊണ്ണൂറ്റി അയ്യായിരത്തോളം പേരാണ് പുതുതായി ഈ വര്‍ഷം കേരളത്തില്‍ നിന്നും അപേക്ഷ നല്‍കിയത്. ജനസംഖ്യക്കാനുപാതികമായി സംസ്ഥാനങ്ങള്‍ക്ക് ക്വാട്ട വീതം വെക്കുന്നതിനു പകരം അപേക്ഷകളുടെ എണ്ണത്തിനനുസരിച്ച് വീതം വെക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വീണ്ടും കേന്ദ്ര ഹജ്ജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു.