കൊച്ചി: മീന്‍ വില്‍‌പനയുടെ പേരില്‍ സാമൂഹ്യമാധ്യമങ്ങൾ വഴി അഭിനന്ദനവും ആക്രമണവും ഒരുപോലെ നേരിട്ട പെണ്‍കുട്ടിയാണ് ഹനാന്‍. ജീവിതത്തിലെ ദുരിതങ്ങളോട് ഒറ്റയ്ക്ക് പോരാടിയ ഹനാന്‍ ഇപ്പോള്‍ ഇതാ വീണ്ടും മീന്‍വില്‍പന ആരംഭിച്ചിരിക്കുന്നു. 'വൈറല്‍ ഫിഷ്' എന്ന് പേരിട്ടിരിക്കുന്ന മീന്‍ വില്‍പനയുടെ ഉദ്ഘാടനം നടന്‍ സലീംകുമാര്‍ ഇന്ന് നിര്‍വഹിച്ചു. മുമ്പ് മീന്‍വില്‍പന നടത്തിയ തമ്മനം ജങ്ഷനില്‍ തന്നെയാണ്  ഹനാന്‍റെ പുതിയ മൊബൈല്‍ ഫിഷ്സ്റ്റാള്‍  പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. എയ്‌സ് വണ്ടിയിലാണ് ഹനാന്‍റെ മീന്‍ വില്‍പന. കച്ചവടം പൊടിപൊടിക്കുകയാണെന്ന് ഹനാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

വാഹനം മീന്‍ വില്‍പന നടത്തുന്നതിനുവേണ്ടി ഹനാന്‍റെ ഇഷ്ടപ്രകാരമാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുറിച്ച് വൃത്തിയാക്കിയ മീന്‍ ബോക്‌സുകളില്‍ പായ്ക്ക് ചെയ്താണ് നല്‍കുക. ഹനാനെ സഹായിക്കാന്‍ ഒരു സ്റ്റാഫും ഉണ്ട്. പഠിത്തവും കച്ചവടവും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് ആഗ്രഹമെന്നും ഹനാന്‍ പറഞ്ഞു.  വൈറല്‍ ഫിഷിന്‍റെ വെബ്സൈറ്റും മൊബൈല്‍ ആപ്പും പണിപ്പുരയിലാണ്.

തമ്മനത്ത് മീന്‍വില്‍പന നടത്താന്‍ കോര്‍പ്പറേഷന്‍ ഹനാന് അനുമതി നല്‍കിയിരുന്നു. തന്‍റെ പുതിയ സ്ഥാപനവും ജനങ്ങള്‍ക്കിടയില്‍ വൈറലാകുമെന്നാണ് ഹനാന്‍റെ പ്രതീക്ഷ. ഇനിയുള്ള ദിവസങ്ങളില്‍ രാവിലെ കാക്കനാടും വൈകീട്ട് തമ്മനത്തും വൈറല്‍ ഫിഷ്സ്റ്റാള്‍ പ്രവർത്തിക്കും. ഓൺലൈന്‍വഴിയും മൊബൈല്‍ ആപ്പ് വഴിയും വൈകാതെ വില്‍പന ആരംഭിക്കും. 

ലോണെടുത്താണ് ഹനാന്‍ പുതിയ സംരംഭത്തിന് പണം കണ്ടെത്തിയത്. ഫിഷ് സ്റ്റാള്‍ തുടങ്ങാന്‍ ജില്ലാ ഭരണകൂടം സഹായിക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല. അടുത്തിടെയുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഹനാന്‍  ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. ചികിത്സയുടെ ആവശ്യത്തിനായി കോളേജില്‍ ലീവിന് അപേക്ഷ നല്‍കിയിരിക്കുകയാണ് ഹനാന്‍.

സാമൂഹിക മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ വേട്ടയാടിയ ഒരു കുട്ടിയാണ് ഹനാന്‍. ആദ്യം ആഘോഷിക്കുകയും പിന്നീട് ആക്രമിക്കുകയും ച‌െയ്തപ്പോൾ തളരാതെ നിന്നു പോരാടിയ ഹനാനെ തേടി നിരവധി അഭിനന്ദനങ്ങളെത്തിയിരുന്നു. ഹനാന്‍ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടുവെന്ന വാർത്ത വലിയ ആശങ്കയോടെയാണ് കേരളം കേട്ടത്. ഇലക്ട്രീഷ്യനായ ഹമീദിന്‍റെയും വീട്ടമ്മയായ സൈറാബിയുടെയും രണ്ടുമക്കളിൽ മൂത്തവളായി ആയിരുന്നു ഹനാന്‍റെ ജനനം. നിരവധി ജോലികള്‍ ചെയ്താണ് ഹനാന്‍  ജീവിതച്ചിലവ് കണ്ടെത്തുന്നത്.