പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ ഉയരുന്ന കൈകള്‍ വെട്ടിയെടുക്കുമെന്ന് ബിഹാര്‍ ബിജെപി അധ്യക്ഷന്‍ നിത്യാനന്ദ് റായ്. നിരവധി കഷ്ടതകള്‍ തരണം ചെയ്താണ് മോദി പ്രധാനമന്ത്രി പദവിയിലെത്തിയത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് നേരെ ഉയരുന്നത് വിരലുകളായാലും കൈകളായാലും ഛേദിക്കപ്പെടുമെന്ന് റായ് പറഞ്ഞു. ബിഹാറിലെ ഉജിയര്‍പൂരില്‍നിന്നുള്ള പാര്‍ലമെന്‍റ് അംഗം കൂടിയാണ് നിത്യാനന്ദ. ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് നിത്യാനന്ദ് ഈ വിവാദ പ്രസ്താവന നടത്തിയത്. 

ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദികൂടി പങ്കെടുത്ത പരിപാടിയിലായിരുന്നു പ്രസംഗം. അതേസമയം പ്രസ്താവന വിവാദമായതോടെ വിരലുകളും കൈകളും ഛേദിക്കുമെന്നത് താന്‍ ആലങ്കാരികമായി പറഞ്ഞതാണെന്ന് നിത്യാനന്ദ് പറഞ്ഞു. രാജ്യത്തിന്‍റെ സുരക്ഷ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ശക്തമായി നേരിടുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 

യാദവ വിഭാഗം ശക്തമായ ബിഹറില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി 2016 ലാണ് ബിജെപി സംസ്ഥാന അധ്യക്ഷനായി നിത്യാനന്ദ് റായ് തെരഞ്ഞെടുക്കപ്പെട്ടത്.