മക്കയെയും മദീനയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറമൈന്‍ റയില്‍ പദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാകും. അടുത്ത വര്‍ഷം ആദ്യത്തില്‍ സര്‍വീസ് ആരംഭിക്കും. ഹറമൈന്‍ അതിവേഗ റെയില്‍ പദ്ധതി ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മക്ക റീജിയന്‍ ഡവലപ്പ്മെന്റ്റ് അതോറിറ്റി അറിയിച്ചു. മക്ക-മദീന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നാനൂറ്റിയമ്പത് കിലോമീറ്റര്‍ നീളം വരുന്ന പദ്ധതി അടുത്ത വര്‍ഷം ആദ്യത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും.

ട്രാക്കുകളുടെയും, സ്റ്റേഷനുകളുടെയും പണി ഏതാണ്ട് പൂര്‍ത്തിയായി. ഇതിനകം നടത്തിയ പരീക്ഷണയോട്ടങ്ങളെല്ലാം വിജയകരമായിരുന്നു. ജിദ്ദയിലും, റാബിഗിലും സ്റ്റോപ്പുകള്‍ ഉണ്ടാകും. ജിദ്ദയില്‍ സുലൈമാനിയയിലും വിമാനത്താവളത്തിലുമാണ് സ്റ്റേഷനുകള്‍ ഉള്ളത്. റാബഗില്‍ കിംഗ്‌ അബ്ദുള്ള യൂണിവേഴ്സിറ്റിക്ക് സമീപത്താണ് സ്റ്റേഷന്‍. തീര്‍ഥാടകര്‍ക്ക് വേഗത്തിലും സുരക്ഷിതമായും പുണ്യനഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ ഈ പദ്ധതി വഴി സാധിക്കും. 35 ബോഗികള്‍ സര്‍വീസ് നടത്തും.

ഓരോ ബോഗിയിലും 417 പേര്‍ക്ക് യാത്ര ചെയ്യാം. ജിദ്ദക്കും മക്കയ്ക്കും ഇടയില്‍ ഇരുപത്തിയൊന്ന് മിനുട്ടും മക്കയ്ക്കും മദീനയ്ക്കും ഇടയില്‍ ഏതാണ്ട് രണ്ടര മണിക്കൂറുമാണ് യാത്ര ചെയ്യാനാവശ്യമായ സമയം. നിലവില്‍ അഞ്ചും ആറും മണിക്കൂറുകള്‍ എടുത്താണ് തീര്‍ഥാടകര്‍ റോഡ്‌ മാര്‍ഗം യാത്ര ചെയ്യുന്നത്. അടുത്ത ഹജ്ജ് വേളയില്‍ നല്ലൊരു ശതമാനം തീര്‍ഥാടകരും ട്രെയിന്‍ സര്‍വീസ് ഉപയോഗപ്പെടുത്തുമെന്നാണ് സൂചന. മക്കയില്‍ നിന്നും മദീനയിലേക്ക് ആയിരിക്കും ആദ്യത്തെ സര്‍വീസ് എന്നാണു റിപ്പോര്‍ട്ട്.