മക്ക- മദീന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെ വേഗത

ജിദ്ദ: സൗദിയില്‍ മക്ക- മദീന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ ഈ വര്‍ഷം സെപ്റ്റംബറിൽ സര്‍വീസ് ആരംഭിക്കും. സൗദി ഗതാഗത മന്ത്രി നബീല്‍ അല്‍ അമൂദിയാണ് ഇക്കാര്യം അറിയിച്ചത്. മിഡില്‍ ഈസ്റ്റിലെ വേഗം കൂടിയ ട്രെയിന്‍ ആയിരിക്കും ഹറമൈന്‍ ട്രെയിന്‍. 

ഇത്തവണത്തെ ഹജ്ജിനു മുമ്പ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ്‌ മൂന്നാം വാരമാണ് ഇത്തവണത്തെ ഹജ്ജ്. ഹജ്ജ് ഉംറ തീര്‍ഥാടകരായിരിക്കും ഹറമൈന്‍ ട്രെയിന്‍ സര്‍വീസിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍. അഞ്ചും ആറും മണിക്കൂറുകളെടുത്ത് റോഡ്‌ മാര്‍ഗമാണ് നിലവില്‍ ഭൂരിഭാഗം തീര്‍ഥാടകരും മക്കയിലേക്കും മദീനയിലേക്കും പോകുന്നത്. 

ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ഏതാണ്ട് രണ്ട് മണിക്കൂര്‍ കൊണ്ട് കൂടുതല്‍ സുരക്ഷിതമായി ഈ നഗരങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യാനാകും. മണിക്കൂറില്‍ മുന്നൂറ് കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കുന്ന ഹറമൈന്‍ ട്രെയിന്‍ മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും വേഗം കൂടിയ ട്രെയിന്‍ ആയിരിക്കും. മണിക്കൂറില്‍ 360 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ പാകത്തിലാണ് ഹറമൈന്‍ എക്സ്പ്രസ്സ്‌ സംവിധാനിച്ചിരിക്കുന്നത്. 

മണിക്കൂറില്‍ 320 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ജപ്പാനിലെ ബുള്ളറ്റ് ട്രെയിന്‍ ആണ് നിലവില്‍ ലോകത്ത് ഏറ്റവും വേഗം കൂടിയ ട്രെയിന്‍. 2019 ഓടെ ഹറമൈന്‍ ട്രെയിന്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും. അതോടെ വര്‍ഷത്തില്‍ ആറു കോടി യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാകും. മക്കയ്ക്കും മദീനയ്ക്കും ഇടയില്‍ ജിദ്ദയിലെ സുലൈമാനിയ, ജിദ്ദ വിമാനത്താവളം, കിംഗ്‌ അബ്ദുള്ള ഇക്കണോമിക് സിറ്റി എന്നിവിടങ്ങളില്‍ മാത്രമാണ് സ്റ്റേഷനുകള്‍ ഉള്ളത്.