കണ്ടക്റ്റര്‍ ജീവിതത്തോട് വിടപറയുമ്പോള്‍ യുവാവിന് പറയാനുള്ളത്
പരിചിതരും അപരിചിതരുമായ ആയിരക്കണക്കിന് മനുഷ്യരാണ് ഒരു ബസ്കണ്ടക്ടറിന്റെ മുമ്പിലൂടെ കടന്നുപോകുന്നത്. കണ്ടക്ടര് ജീവിതം അവസാനിപ്പിച്ച് അധ്യാപക ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുമ്പോള് ഹരീഷ് കീഴാല് എന്ന യുവാവ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് സംഭവബഹുലമായ ഒരു കണ്ടക്ടര് ജീവിതത്തിന്റെ ഒരു ചെറിയഭാഗമാണ്.ജീവിതത്തില് പല പാഠങ്ങള് പഠിപ്പിച്ച ജോലിയാണ് കണ്ടക്ടര് ജോലി. ഏത് ദൂരവും വലിയ ദൂരമല്ലെന്ന് പഠിപ്പിച്ച അറിവിടമാണ് കെഎസ്ആര്ടിസിയെന്ന് ഹരീഷ് പറയുന്നു.
വഴിയരികിൽ ബസ്സ് തട്ടി തലയടിച്ച് വിണ് വേദന കൊണ്ട് അലറുന്ന ചെറുപ്പക്കാരനേയും കൊണ്ട് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ പോയതും ഒറ്റയ്ക്ക് ചെറുപ്പക്കാരനെയും ചുമന്ന് ആംബുലന്സില് മെഡിക്കൽ കോളേജിലെ കാഷ്യാലിറ്റിയിലെ തിരക്കിൽ വിവിധ ടെസ്റ്റുകൾക്കായ് അലഞ്ഞതുമെല്ലാം കണ്ടക്ടര് ജീവിതത്തിന്റെ ഭാഗമാണ് ഹരീഷിന്. ചെയ്ത ജോലിക്ക് സാമ്പത്തികമായും മാനസികമായും ശാരീരികമായും ഉചിതമായ വിഹിതം കിട്ടാത്തവരോടൊപ്പം എപ്പോഴുമുണ്ടാകും തന്റെ സഞ്ചാരമെന്ന് പറഞ്ഞാണ് ഹരീഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഹരീഷ് കീഴാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അപരിചിതരും പരിചിതരുമായ ആയിരത്തോളം പേരോട് ദിവസങ്ങളോളമുള്ള ഇടപെടൽ അത്രത്തോളം വ്യത്യസ്തമനുഷ്യരെ മറ്റെവിടെ കാണാനാണ് .....
ചിലർ സ്റ്റേഹത്തോടെ ചിരിച്ച് മറ്റ് ചിലർ ദേഷ്യത്തോടെ എല്ലാം നശിപ്പിക്കുന്നവർ എന്ന ഭാവത്തോടെ ,ചിലർ നന്നാക്കിയേ തീരൂ എന്ന് പറഞ്ഞ് ഭാവി വഴികൾ പറഞ്ഞ് മണ്ടത്തരങ്ങൾ പറയുന്ന ഉപദേശികൾ ( കോഴ കൊടുത്ത് ജോലി വാങ്ങി തലമുറയെ നശിപ്പിച്ചവരുമുണ്ട് ആ കൂട്ടത്തിൽ ) പലതുമായി പലരുമായി ചേർന്ന് പോകാൻ പഠിപ്പിച്ചിട്ടുണ്ട് ഇന്ന് വിട പറഞ്ഞ കെഎസ്ആർടി സിയിലെ കണ്ടക്റ്റര് ജോലി
ജീവിതവഴിയിൽ താങ്ങാവുമെന്ന് ഉറപ്പായും വിശ്വസിക്കാവുന്ന സുഹൃത്തുക്കൾ അതിലേറെ വലിയ പാഠങ്ങൾ തന്നിട്ടുണ്ട് ഈ ജോലി......
വഴിയരികിൽ ബസ് തട്ടി തലയടിച്ച് വിണ് വേദന കൊണ്ട് അലറുന്ന ചെറുപ്പക്കാരനേയും കൊണ്ട് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ പോയതും ഒറ്റയ്ക്ക് അവനെയും ചുമന്ന് ആംമ്പുലൻസിൽ മെഡിക്കൽ കോളേജിലെ കാഷ്യാലിറ്റിയിലെ തിരക്കിൽ വിവിധ ടെസ്റ്റുകൾക്കായ് സ്ട്രെക്ച്ചറിൽ ചുമന്ന് അലഞ്ഞ ദിവസം ........
മദ്യലഹരിയിൽ മാഹിയിൽ നിന്നും വണ്ടിയിൽ കയറിയവൻ സിഗരറ്റ് വലിച്ചപ്പോൾ കോളര് പിടിച്ച് പുറത്തേക്ക് വലിച്ചിട്ടത് .....
എവിടെ നിന്നാണ് എനിക്കാ ശക്തിയുണ്ടായത്
പലതും നേരിടാൻ എന്നെ പഠിപ്പിച്ചിട്ടുണ്ട് ഈ തൊഴിലിടം
ഏതു ദൂരവും വലിയ ദൂരമൊന്നുമല്ലെന്ന് എന്നെ പഠിപ്പിച്ച അറിവിടമാണ് കെ.എസ്.ആർ.ടി.സി. അതു കൊണ്ട് തന്നെയാണ് ഒരു താപ്പാനയുടെയും കത്ത് വാങ്ങാതെ അടിയറ വെയ്ക്കാതെ മറ്റൊരു ജോലിയിലേയ്ക്ക് പ്രവേശിക്കുന്നത്,
നിശബ്ദതയുടെ ഇരുളിൽ നിന്നും പറഞ്ഞതിനപ്പുറത്തേക്കെന്നെ പഠിപ്പിച്ചത് കാണിയിൽ നിന്ന് മധ്യനിരയിലേക്കിറങ്ങി പ്രശ്നങ്ങളെ മറികടക്കാനെന്നെ പഠിപ്പിച്ചത്....
ചെയ്ത ജോലിക്ക് സാമ്പത്തികമായും മാനസികമായും ശാരീരികമായും ഉചിതമായ വിഹിതം കിട്ടാത്തവരോടൊപ്പം എപ്പോഴുമുണ്ടാകും എന്റെ സഞ്ചാരം
നന്ദി
കൂടെ നിന്നവർക്ക്
വാക്കു കൊണ്ടും
പ്രവൃത്തി കൊണ്ടും.........
