കരാർ വ്യവസ്ഥകള്‍ ലംഘിച്ച ആർച്ചി മാർട്ടിക്സ് എന്ന കമ്പനിക്ക് രണ്ട് മെഡിക്കൽ കോളജുകളുടെ കണ്‍സള്‍ട്ടൻസി നൽകിയതിൽ ക്രമക്കേടുണ്ടെന്നാണ് പൊതുമരാമത്ത് മന്ത്രിക്ക് ലഭിച്ച പരാതി. 

ഇതുവഴി സർക്കാരിന് ഏഴു കോടി നഷ്ടം സംഭവിച്ചുവെന്നാണ് ആരോപണം. ഹരിപ്പാട് മെഡിക്കൽ കോളജിനു വേണ്ടി രൂപ രേഖ തയ്യാറാക്കാൻ അഞ്ചു കമ്പനികള്‍ അപേക്ഷ നൽകി. ഏറ്റവും കൂടുതൽ തുകക്ക് ക്വട്ടേഷൻ നൽകിയത് ആർച്ചി മാർട്ടിക്സ എന്ന കമ്പനിയാണ്. ഏറ്റവും കുറഞ്ഞ തുക നൽകിയത് ആൻസൽ ഗ്രൂപ്പ് എന്ന സ്ഥാപനവും. ടെണ്ടറുകള്‍ തുറന്നതിനുശേഷം വിജ്ഞാപനത്തിൽ പറയാത്ത പല കാരണങ്ങള്‍ ചൂണ്ടി മറ്റ് കമ്പനികളെ ഒഴിവാക്കി ആർച്ചി മാർട്ടിക്സ എന്ന കമ്പനിക്ക് കണ്‍സള്‍ട്ടൻസി നൽകിയെന്നാണ് പരാതി. 

മാനദണ്ഡങ്ങള്‍ മറികടന്ന് വയനാട് മെഡിക്കള്‍ കോളജിന്‍റെ കണ്‍സള്‍ട്ടൻസിയും അതേ സ്ഥാപനത്തിന് നൽകിയെന്നും പരാതിയിൽ പറയുന്നു. സംസ്ഥാനത്തിന്റഎ നിരവധി പദ്ദതികളുടെ കണ്‍സള്‍ട്ടറ്റായിരുന്ന പൊതുമേഖല സ്ഥാപനം കിറ്റ്കോയെയും ഒഴിവാക്കിയതിൽപ്പെടുന്നു. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായിനബന്ധമുള്ള സ്ഥാപനത്തിന് കരാർ ലഭിക്കാൻ മന്ത്രിമാരുടെ ഇടപെടൽ ഉണ്ടായെന്നും ആക്ഷേപമുണ്ട്. 

ഇതേ പരാതി വിജിലൻസ് ഡയറക്ടർക്കും ലഭിച്ചിട്ടുണ്ട്. പൊതുമരാത്ത് വിജിലൻസിന് പരിശോധിക്കായി നൽകിയ ഫയൽ വൈകുന്നതിൽ ഉദ്യോഗസ്ഥരെ മന്ത്രി ജി.സുധാകരൻ ശാസിക്കുകയും ചെയ്തു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. 

അതേ സമയം ഹരിപ്പാട് മെഡിക്കൽ കോളജിന്‍റെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നൽകി. ഹരിപ്പാട് മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തന്‍റെ പരിഗണനക്ക് വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.