ആലപ്പുഴ: ഹരിപ്പാട് മെ‍ഡിക്കല്‍ കോളേജിനായി സ്വകാര്യ ഭൂമി ഏറ്റെടുത്തതിലും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കള്ളക്കളി. കായംകുളം എന്‍ടിപിസി സൗജന്യമായി 25 ഏക്കര്‍ ഭൂമിയും അത് നികത്താനുള്ള 41 കോടി രൂപയും നല്‍കാമെന്ന് പറഞ്ഞിട്ടും വാങ്ങാന്‍ കൂട്ടാക്കാത്ത സര്‍ക്കാരാണിപ്പോള്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുത്ത് തുടങ്ങിയിട്ടും സര്‍ക്കാര്‍ ലക്ഷങ്ങള്‍ മുടക്കി പ്രമുഖ അഭിഭാഷകരെ വച്ച് ഇപ്പോഴും എന്‍ടിപിസിക്കെതിരെ സുപ്രീംകോടതിയില്‍ കേസ് നടത്തുകയാണ്.

കായംകുളത്തെ താപവൈദ്യുത നിലയമായ എന്‍ടിപിസിയുടെ ദേശീയ പാതയ്‌ക്ക് സമീപമുള്ള 25 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ എന്‍ടിപിസിയോട് ആവശ്യപ്പെട്ടത്. ഇത് കിട്ടില്ലെന്നായപ്പോള്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം മുന്നോട്ട് പോയി. എന്‍ടിപിസി ഹൈക്കോടതിയെയും തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി സര്‍ക്കാരും എന്‍ടിപിസിയും ചര്‍ച്ചചെയ്ത് ഒരു തീരുമാനത്തിലെത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.

മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും എന്‍ടിപിസി സിഎംഡിയും ചര്‍ച്ച നടത്തി മൂന്ന് നിര്‍ദ്ദേശങ്ങള്‍ എന്‍ടിപിസി മുന്നോട്ടുവച്ചു. അതില്‍ രണ്ടാമത്തെ നിര്‍ദ്ദേശം നോക്കുക. എന്‍ടിപിസിയുടെ 25 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കുന്നതിനൊപ്പം അത് നികത്ത് കെട്ടിടം പണിയാനുള്ള പാകത്തിലാക്കാന്‍ 41.96 കോടി രൂപയും നല്‍കി. സൗജന്യമായി എല്ലാം നടക്കുമെന്നിരിക്കെ പക്ഷേ എന്നിട്ടും  കരുവാറ്റയിലെ സ്വകാര്യ വ്യക്തികളുടെ വയല്‍ ഏറ്റെടുക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട്പോവുകയായിരുന്നു.

ഇനിയിപ്പോള്‍ സ്വകാര്യ വ്യക്തികളില്‍ നിന്ന് 25 കോടി രൂപ മുടക്കി സ്ഥലം ഏറ്റെടുക്കുന്നതിനൊപ്പം നികത്താനും കോടികള്‍ ചെലവഴിക്കേണ്ടി വരും.
മെഡിക്കല്‍ കോളേജിനായി ഭൂമി ഏറ്റെടുത്ത് തുടങ്ങിയിട്ടും സുപ്രീം കോടതിയിലെ കേസ് തീര്‍പ്പാക്കാന്‍ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടുമില്ല. സിറ്റിംഗിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരെക്കൊണ്ട് കേസ് നടത്തി ലക്ഷങ്ങള്‍ പൊടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.