ആലപ്പുഴ: ഹരിപ്പാട് മെഡിക്കല്‍ കോളേജ് അഴിമതിയില്‍ പൊതുമരാമത്ത് ചീഫ് എഞ്ചിനീയറെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യും.മെ‍ഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിനായി കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം മറ്റ് ക്രമക്കേടുകളും വിജിലന്‍സ് പരിശോധിക്കുക്കും.

2015 ജനുവരി ഏഴിനാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കാന്‍ തീരുമാനമായത്. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍, ആരോഗ്യ സെക്രട്ടറി, പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു കരാര്‍ കൊച്ചി ആസ്ഥാനമായ ആര്‍ക്കിമാട്രിക്സ് എന്ന കമ്പനിക്ക് കൊടുത്തതത്. കുറഞ്ഞ പണത്തിന് കണ്‍സള്‍ട്ടന്‍സി കരാര്‍ ഏറ്റെടുക്കാന്‍ തയ്യാറായ കമ്പനിയെ തഴഞ്ഞാണ് കൂടുതല്‍ പണം ആവശ്യപ്പെട്ട കമ്പനിക്ക് കരാര്‍ നല്‍കിയത്. ഈ സംഭവം ഏഷ്യാനെറ്റ്ന്യൂസാണ് തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട്ചെയ്തത്.

തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഹരിപ്പാട് മെ‍‍‍‍‍ഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ വിജിലന്‍സ് അന്വേഷണവും തുടങ്ങി. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ക്രമക്കേടുകള്‍ കണ്ടെത്തി.കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതിലാണ് തിരിമറി കണ്ടെത്തിയിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് ചീഫ് എഞ്ചിനീയറെ പ്രതിയാക്കിക്കൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചത്.

ഇതോടെ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും വിജിലന്‍സ് വിശദമായി അന്വേഷിക്കും. പതിനഞ്ച് കിലോമീറ്ററിനകത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് ഹരിപ്പാട് മെഡിക്കല്‍ കോളേജ് തുടങ്ങാനുള്ള നീക്കം തുടങ്ങിയത്.

ആവശ്യമായ തെളിവ് കിട്ടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകല്‍ കേസില്‍ പ്രതിയാകാന്‍ സാധ്യതയുണ്ടെന്നാണ് വിജിലന്‍സ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ കേസ് വിശദമായി അന്വേഷിക്കുമ്പോള്‍ അഴിമതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.