അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കുല്‍ഭൂഷന്‍ ജാദവിന് വേണ്ടി വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പ്രതിഫലമായി വാങ്ങിയത് ഒരു രൂപ. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലാണ് സാല്‍വെയുടെ പ്രതിഫലം വെളുപ്പെടുത്തിയത്. കുറഞ്ഞ ഫീസില്‍ സാല്‍വയേക്കാള്‍ നല്ല അഭിഭാഷകരെ ഇന്ത്യയ്ക്ക് ലഭിക്കുമായിരുന്നുവെന്ന വിമര്‍ശനത്തിനായിരുന്നു സുഷമയുടെ മറുപടി.

രാജ്യത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന അഭിഭാഷകരില്‍ ഒരാളാണ് ഹരീഷ് സാല്‍വെ. ഒരു ദിവസം ഹാജരാവാന്‍ 30 ലക്ഷം വരെ അദ്ദേഹം പ്രതിഫലം കൈപ്പറ്റാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുല്‍ഭൂഷനായി വാദിക്കാന്‍ സാല്‍വെയ്ക്ക് സര്‍ക്കാര്‍ വന്‍തുക നല്‍കിയെന്ന നിഗമനത്തിലേക്ക് പലരും എത്തിയതും അതുകൊണ്ടാണ്. പക്ഷേ അങ്ങനെ വന്‍തുക കൈപ്പറ്റയല്ല സാല്‍വെ കേസ് ഏറ്റെടുത്തതെന്നാണ് സുഷമ സ്വരാജിന്‍റെ വിശദീകരണം.

കുല്‍ഭൂഷന്‍ ജാദവിന്‍റെ വധശിക്ഷക്കെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജി രാജ്യാന്തര കോടതി ഉത്തരവിനായി മാറ്റി. വിധി വരുന്നതിന് മുന്പ് തന്നെ ഏത് സമയത്തും കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ നടപ്പാക്കിയേക്കുമെന്ന ആശങ്ക ഇന്ത്യ കോടതിയെ അറിയിച്ചു.

കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ ഇന്നലെ ഉച്ചക്ക് ഒന്നരയ്ക്കാണ് വാദം ആരംഭിച്ചത്. ഒന്നരമണിക്കൂര‍ നീണ്ട വാദത്തില്‍ പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്നുള്ള നിയമലംഘനങ്ങള്‍ ഹരീഷ് സാല്‍വേ ഒന്നൊന്നായി ചൂണ്ടിക്കാട്ടി. മനുഷ്യാവകാശങ്ങളുടേയം വിയന്ന കരാറിന്‍റെ ഗുരുതരമായ ലംഘനമാണ് പാക്കിസ്ഥാന്‍ നടത്തിയിരിക്കുന്നത്. ഇറാനില്‍ നിന്നും തട്ടിക്കൊണ്ടു പോയശേഷം വ്യാജ രേഖകള്‍ചമച്ച് ജാദവിനെതിരെ കുറ്റം ചുമത്തുകയാണുണ്ടായതെന്ന് ഹരീഷ് സാല്‍വെ വാദിച്ചു

എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഇന്ത്യനല്കിയ പരാതി തള്ളണമെന്ന് പാക്കിസ്ഥാന് വേണ്ടി ഹാജരായഖവാര്‍ ഖുറേഷി ആവശ്യപ്പെട്ടു.വ്യക്തമായ തെളിവുകള്‍ കുല്‍ഭൂഷന്‍ ജാദവിനെതിരെയുണ്ട്. മുസ്ലിം പേരിലുള്ള പാസ്പോര്‍ട്ടാണ് ജാദവിന്‍റെ പക്കലുണ്ടായിരുന്നത്.വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം ഈ ഹര്‍ജി പരിഗണിക്കാന്‍കോടതിക്ക് അധികാരമില്ലെന്നും പാക്കിസ്ഥാന്‍ വാദിച്ചു

ജാദവ് കുറ്റസമ്മതം നടത്തിയതെന്ന് അവകാശപ്പെട്ട് പാക്കിസ്ഥാന്‍ തയ്യാറാക്കിയ വീഡിയോ പ്രദര്‍ശിപ്പിക്കാന്‍ കോടതി അനുവദിച്ചില്ല. ഉത്തരവ് എന്ന് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.