Asianet News MalayalamAsianet News Malayalam

ഹിന്ദുസംഘടനകളുടെ ഹർത്താൽ ഏറെ വലച്ചത് അയ്യപ്പ ഭക്തരെ തന്നെ; പലരും വഴിയിൽ കുടുങ്ങി

ഇന്നലെ രാത്രി വൈകി അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹർത്താൽ അറിയാതെ ശബരിമലക്ക് തിരിച്ച തീർത്ഥാടകർ വഴിയിൽ കുടുങ്ങി. കെഎസ്ആർടിസി സർവ്വീസ് നിർത്തിയതോടെ  പ്രതിസന്ധി രൂക്ഷമായി.

Hartal hits pilgrims' passage to Sabarimala
Author
Kerala, First Published Nov 17, 2018, 2:11 PM IST

പത്തനംതിട്ട: ആചാര സംരക്ഷണത്തിന്‍റെ പേരിൽ നടന്ന ഹർത്താൽ ഏറെ വലച്ചത് അയ്യപ്പ ഭക്തരെ തന്നെയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും കുടുങ്ങി. നേരത്തെ ഹർത്താൽ ദിവസങ്ങളിൽ വാഹനമിറക്കിയപ്പോൾ നേരിട്ട കോടികളുടെ  നഷ്ടം കണക്കിലെടുത്താണ് ബസുകൾക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്നതെന്ന് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി പറഞ്ഞു. 

ഇന്നലെ രാത്രി വൈകി അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹർത്താൽ അറിയാതെ ശബരിമലക്ക് തിരിച്ച തീർത്ഥാടകർ വഴിയിൽ കുടുങ്ങി. കെഎസ്ആർടിസി സർവ്വീസ് നിർത്തിയതോടെ പ്രതിസന്ധി രൂക്ഷമായി. പമ്പയിലേക്ക് സർവ്വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും പൊലീസ് സംരക്ഷണം കൃത്യമായി കിട്ടാത്തത് മൂലം പലയിടത്തും ബസെടുക്കാൻ കെഎസ്ആർടിസി തയ്യാറായില്ല. തിരുവനന്തപുരത്ത് തമ്പാനൂരിൽ തീർത്ഥാടകർ ബഹളമുണ്ടാക്കി. 

ബസുകൾ കോൺവോയ് അടിസ്ഥാനത്തിലായിരുന്നു എരുമേലിയിൽ നിന്ന് പമ്പയിലേക്ക് സർവ്വീസ് നടത്തിയത്. ബസിനായി തീർത്ഥാടകർ എരുമേലിയിൽ മാത്രം, മണിക്കൂറുകളാണ് കാത്ത് നിന്നത്. കോട്ടയം - ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളിൽ വന്നിറങ്ങിയ ഇതര സംസ്ഥാന തീർത്ഥാടകരും വലഞ്ഞു. ഹോട്ടലുകളും മറ്റ് കടകളും തുറന്ന് പ്രവർത്തിക്കാത്തതും തീർത്ഥാടകരെ ബുദ്ധിമുട്ടിച്ചു.

ഇടയ്ക്ക് പമ്പയിലെ കെഎസ്ആർടിസി ഡിപ്പോ ഓഫീസിലെ വേ ബിൽ സെർവർ തകരാറിലായതോടെ ബസ്സുകൾ ഡിപ്പോയ്ക്ക് മുന്നിൽ കാത്തു കെട്ടിക്കിടന്നു. അതാത് ദിവസത്തെ കളക്ഷൻ രേഖപ്പെടുത്തിയ വേ-ബിൽ നൽകാനായി കണ്ടക്ടർമാർ എത്തിയപ്പോഴാണ് സാങ്കേതികതടസ്സമുണ്ടായത്. തുടർന്ന് ഏറെ മണിക്കൂറുകൾക്ക് ശേഷമാണ് ബസ്സുകൾ പുറപ്പെട്ടത്. 

Follow Us:
Download App:
  • android
  • ios