വടകരയിലും പത്തനംതിട്ടയിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

തിരുവനന്തപുരം: എസ്‌സി, എസ്ടി പീഡനനിരോധന നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നെന്നാരോപിച്ച് ദളിത് സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ ഒമ്പത് ദളിതുകള്‍ മരിക്കാനിടയായ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് നടക്കുന്ന ഹര്‍ത്താല്‍ സമാധാനപരം. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

വടകരയിലും പത്തനംതിട്ടയിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. കോഴിക്കോട് വടകരയില്‍ സ്വകാര്യ ബസാണ് തടഞ്ഞത്. ആദ്യ മണിക്കൂറില്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. അതേസമയം കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വ്വീസ് ആരംഭിച്ചു.

കേരള, കൊച്ചി, എംജി, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. നേരത്തെ ഇന്നു തന്നെ പരീക്ഷ നടത്തുമെന്ന് അറിയിച്ചെങ്കിലും പിന്നീട് പരീക്ഷകള്‍ മാറ്റിവെക്കുകയായിരുന്നു. ഹര്‍ത്താലിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസും മുസ്‌ലിം യൂത്ത് ലീഗും യുവജനതാദളും ഇന്നലെ രംഗത്തെത്തിയിരുന്നു. യാക്കോബ സഭ നിരണം ഭദ്രാസനാധിപന്‍ മാര്‍ ഗീവര്‍ഗ്ഗീസ് കുറിലോസും ഹര്‍ത്താലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഭൂഅധികാര സംരക്ഷണ സമിതി, കെ.പി.എം.എസ്സ്, ആദിവാസി ഗോത്രമഹാസഭ, ഡി.എച്ച്.ആര്‍.എം, സി.എസ്.ഡി.എസ്, കേരള ദളിത് മഹാസഭ, ദളിത്ആദിവാസി മുന്നേറ്റ സമിതി, ഡി.സി.യു.എഫ്, ബി.എസ്.പി, ആര്‍.എം.പി, എന്‍.ഡി.എല്‍.എഫ്, എ.കെ.സി.എച്ച്് എം.എസ്, എന്‍.എ.ഡി.ഒ, കെ.ഡി.എഫ്, കെ.എ.ഡി.എഫ്, ആദിജനമഹാസഭ, ഐ.ഡി.എഫ്, കൊടുങ്ങൂര്‍ കൂട്ടായ്മ, കേരള സ്റ്റേറ്റ് വേലന്‍മഹാസഭ, ചെങ്ങറ സമരസമിതി, അരിപ്പഭൂസമരസമിതി, സിറ്റിസണ്‍സ് ഫോറം, സി.പി.ഐ.എം.എല്‍, റെഡ് സ്റ്റാര്‍, എസ്.സി/എസ്സ്.ടി കോഓര്‍ഡിനേഷന്‍ കമ്മിറ്റി പാലക്കാട്, എസ്.സി/എസ്.ടി കോഓര്‍ഡിനേഷന്‍ കമ്മിറ്റികാസര്‍ഗോഡ്, മലവേട്ടുവ സമുദായ സംഘംകാസര്‍ഗോഡ്, ഡി.എസ്സ്.എസ്സ്, കേരള ചേരമര്‍ സംഘം, എന്‍.സി.എച്ച്.ആര്‍.ഒ, പെമ്പിളഒരുമൈ, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, സാംബവര്‍ മഹാസഭ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.