തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനം നടന്നതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതി നടത്തിയ സംസ്ഥാന ഹര്‍ത്താലില്‍ വ്യാപക അക്രമണങ്ങളാണ് നടന്നത്.  ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരം വരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത്  559 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.  ഇതുവരെ 745 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കരുതല്‍ തടങ്കലില്‍ എടുത്തവരുടെ എണ്ണം 628 ആയി ഉയര്‍ന്നു. 

അതേ സമയം ഹര്‍ത്താലിനെ നേരിടാന്‍ പൊലീസിന്റെ പ്രത്യേക പദ്ധതി. ബ്രോക്കൻ വിൻഡോ എന്ന പേരിൽ പ്രത്യേക ഓപ്പറേഷൻ തുടങ്ങുമെന്ന് പൊലീസ് വ്യക്തമാക്കി. അക്രമസംഭവങ്ങളില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുന്നതിന് എല്ലാ ജില്ലാപോലീസ് മേധാവിമാരും പ്രത്യേക സംഘത്തിന് രൂപം നല്‍കും.  

എന്നാല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് വളരെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു ചിത്രമാണ് ഓടുന്ന ഹര്‍ത്താല്‍ അനുകൂലിയുടെത്. പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ഹര്‍ത്താല്‍ അനുകൂലി പൊലീസ് വാന്‍ കഴിഞ്ഞ കുതിച്ചപ്പോള്‍ എത്തിയത് പൊലീസ് ജീപ്പിന് മുന്നില്‍ ഒടുവില്‍ തിരിച്ച് ഓടിയപ്പോള്‍ പൊലീസ് പിടിയിലായി.

ഇതിന്‍റെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയാണ് വീഡിയോ പ്രചരിക്കുന്നത്.