സംസ്ഥാനത്ത് ശബരിമല കര്‍മ്മസമിതിയുടെ ഹർത്താല്‍ തെക്കന്‍ കേരളത്തില്‍ സമാധാനപരം. ഹർത്താൽ ദിനം മധ്യകേരളത്തിൽ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. കെഎസ്ആര്‍ടിസി സ‍‍ർവ്വീസ് നടത്തിയില്ല.ചിലയിടങ്ങളിൽ വാഹനങ്ങള്‍ക്കു നേരെ അക്രമമുണ്ടായി.

കൊച്ചി: സംസ്ഥാനത്ത് ശബരിമല കര്‍മ്മസമിതിയുടെ ഹർത്താല്‍ ദിനത്തില്‍ മധ്യകേരളത്തിൽ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. കെഎസ്ആര്‍ടിസി സ‍‍ർവ്വീസ് നടത്തിയില്ല. ചിലയിടങ്ങളിൽ വാഹനങ്ങള്‍ക്കു നേരെ അക്രമമുണ്ടായി.

എറണാകുളത്ത് ആദ്യ മണിക്കൂറുകളില്‍ സ്വകാര്യ വാഹനങ്ങളും ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകളും നിരത്തിലുണ്ടായിരുന്നു. ഹര്‍ത്താല്‍ അനുകൂലികളെത്തിയതോടെ കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തി. കാലടിയിലും പാലാരിവട്ടത്തും വാഹനങ്ങള്‍ തടഞ്ഞു. കാലടിയില്‍ അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ പരിശോധന നടത്തിയാണ് കടത്തിവിട്ടത്. അങ്കമാലിയിലും അത്താണിയിലും വാഹനങ്ങള്‍ക്ക് നേരെ അക്രമമുണ്ടായി. കാറിന്‍റെ ചില്ലു തകര്‍ന്നു. പത്തുമണിയോടെ ഹര്‍ത്താല്‍ പ്രകടനം കലൂരെത്തി.

തൃശൂരിലും അക്രമ സംഭവങ്ങളുണ്ടായി. തൃക്കൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡരുകില്‍ നിര്‍ത്തിയിട്ട ഓട്ടോ റിക്ഷ തല്ലിത്തകര്‍ത്തു.ഒരാള്‍ക്ക് പരിക്കേറ്റു. ചേലക്കരയില്‍ പ്രകടനത്തിനിടെ പൊലീസ് ജീപ്പ് തട്ടി ബിജെപി പ്രവര്‍ത്തകന് പരിക്കേറ്റതിനെത്തുടര്‍ന്ന് പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഹര്‍ത്താല്‍ ഇടുക്കിയിലും കോട്ടയത്തും പൂര്‍ണമായിരുന്നു. മൂന്നാറില് വിനോദ സ‍ഞ്ചാരികളുടെ വാഹനങ്ങള്‍ തടഞ്ഞു. അതിര്‍ത്തികടന്ന് അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ കേരളത്തിലേക്കെത്തുന്നുണ്ട്.