തിരുവനന്തപുരം; തിരുവനന്തപുരം ജില്ലയിലുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നു ഹര്‍ത്താല്‍. ബിജെപി, ബിഎംഎസ് ഓഫിസുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിലും ചേര്‍ത്തല നഗരസഭയിലും ബിജെപി ഇന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. 

അതിനിടെ, കോഴിക്കോട് ഒളവണ്ണയില്‍ പാര്‍ട്ടി ഓഫിസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് ഒളവണ്ണ പഞ്ചായത്തില്‍ സിപിഎമ്മും ഹര്‍ത്താലിന് ആഹ്വാനം നല്‍കി. വ്യാപാരിയെ സിഐടിയു പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കുമളിയില്‍ ഉച്ചവരെയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ബൈക്കിലെത്തിയ രണ്ടംഗസംഘമാണു തിരുവനന്തപുരത്തു ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞത്. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്നാണ് ബിജെപിയുടെ ആരോപണം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കുനേരെ ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്തുണ്ടായ കയ്യേറ്റത്തിനു പിന്നാലെയാണു സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പാര്‍ട്ടി ഓഫിസുകള്‍ ആക്രമിക്കപ്പെട്ടത്.

ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ ഇന്നു നടക്കേണ്ടിയിരുന്ന ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷ ജൂണ്‍ പതിനാലിലേക്കു മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു.