ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്

ഷാര്‍ജ:ഷാര്‍ജയില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി മലയാളി കര്‍ഷകന്‍ സംഘടിപ്പിച്ച കൊയ്തുത്സവം ശ്രദ്ധേയമായി. മരുഭൂമിയിൽ നെല്ല് കൊയ്തും മെതിച്ചും ഉരലിൽ കുത്തിയും കുത്തരി പായസം വെച്ചും കൊയ്ത്തുത്സവത്തിൽ പുതുമ സൃഷ്ടിക്കുകയാണ് സുധീഷ് ഗുരുവായൂർ. യുഎഇയിലെ ഭിന്നശേഷിയുള്ള കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ച് നിന്നപ്പോള്‍ എണ്ണപാടങ്ങളുടെ നാട്ടില്‍ പൊന്നുവിളഞ്ഞു. നാടൻപാട്ടിന്‍റേയും കൊയ്ത്തുപാട്ടിന്‍റേയും താളത്തില്‍ ഷാര്‍ജ അല്‍ മന്‍സൂറയിലെ ജൈവകര്‍ഷകനായ സുധീഷ് ഗുരുവായൂരിന്‍റെ വില്ലയോട് ചേര്‍ന്ന് കിടക്കുന്ന പറമ്പിലായിരുന്നു കൊയ്തുത്സവം. 

ഭിന്നശേഷിയുള്ള കുട്ടികള്‍ അഞ്ച് മാസം മുമ്പ് വിത്തുപാകിയ നെല്ല്, കേരള കര്‍ഷകരുടെ വേഷത്തില്‍ കൊയ്‌തെടുത്തപ്പോള്‍ അവര്‍ ആവേശത്തിലായി. കൊയ്ത്തും മെതിയും കാണാൻ ഒട്ടേറെയാളുകളാണ് സുധീഷിന്‍റെ വില്ലയിലെത്തിയത്. കൊയ്തും മെതിച്ചും ഉരലിലിട്ട് കുത്തിയും അരിയാക്കി കഞ്ഞിയും പായസംവെച്ചു കുടിച്ചാണ് ഓരോരുത്തരും പിരിഞ്ഞുപോയത്.