ചണ്ഡീഗഢ്: പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമ ഭേദഗതി കൊണ്ടുവരുമെന്ന് ഹരിയാന സര്‍ക്കാര്‍. ബലാത്സംഗ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് അപേക്ഷ നല്‍കുമെന്നും ഹരിയാന മുഖ്യമന്ത്രി ഷീലാ മില്ലര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു. കര്‍ണാലിലെ പഞ്ചസാര ഫാക്ടറിയുടെ തറക്കല്ലിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. ഒരാഴ്ചക്കിടെ ഒന്‍പത് പേരാണ് ഹരിയാനയില്‍ മാത്രം പീഡനത്തിന് ഇരയായത്. പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ വളരെ ശ്രദ്ധ ചെലുത്തണെമന്നും ഖട്ടര്‍ അഭിപ്രായപ്പെട്ടു. പീഡന വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്നതിന് മുന്‍പ് അതിനെ ആശ്ചര്യകരമായ രീതിയില്‍ പ്രസിദ്ധീകരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിയാനയില്‍ തുടര്‍ച്ചയായി നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസും വനിതാ സംഘടനകളും നടത്തുന്ന പ്രതിഷേധത്തിനിടെയാണ് വീണ്ടും പീഡനങ്ങള്‍ അരങ്ങേറുന്നത്. ഇതിനെ തുടര്‍ന്നാണ് പീഡനക്കേസുകളില്‍ ശക്തമായ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്.