കൊച്ചി: യുവതിയെ കടന്നുപിടിച്ചെന്ന കേസില്‍ തിരക്കഥാകൃത്ത് മുഹമ്മദ് ഹാഷിറിന് മൂന്നരവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. എറണാകുളം അഡീഷനല്‍ സെഷന്‍സ് വിവിധ വകുപ്പുകളിലായി മൂന്നരവര്‍ഷം തടവും 40,000 രൂപ പിഴയും വിധിച്ചത്. ശിക്ഷ ഒരുമിച്ച് രണ്ടുവര്‍ഷം അനുഭവിച്ചാല്‍ മതിയെന്നാണ് കോടതിയുടെ നിര്‍ദേശം. സമീര്‍ താഹിറിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി, അഞ്ചുസുന്ദരികള്‍ എന്ന ചിത്രത്തിലെ ആമി എന്നിവയുടെ തിരക്കഥാകൃത്താണ് ഹാഷിര്‍ മുഹമ്മദ്.

പ്രായമായ മാതാപിതാക്കളുടെ ഏക ആശ്രയം താനാണെന്ന് കോടതിയെ പ്രതി അറിയിച്ചു. മുന്‍പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ പ്രതി ഏര്‍പ്പെട്ടിട്ടില്ലെന്നത് പരിഗണിച്ചാണ് ശിക്ഷ കോടതി മൂന്നുവര്‍ഷമായി കുറച്ചത്. പിഴസംഖ്യ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. 2014 ഫെബ്രുവരി 28നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

കൊച്ചിയിലെ മരടിലെ ഒരു ഫ്‌ളാറ്റില്‍വെച്ച് സമീപത്തെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന യുവതിയെയാണ് ഹാഷിര്‍ കയറിപിടിച്ചത്. യുവതിയുടെ പരാതിയില്‍ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മരട് പൊലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ചോദ്യം ചെയ്യലില്‍ ഹാഷിര്‍ മുഹമ്മദ് വിചിത്രമായ കാര്യങ്ങളായിരുന്നു മറുപടി നല്‍കിയത്. 

ദൈവത്തിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ യുവതിയെ കയറിപിടിച്ചതെന്നും ഏഴു പാപങ്ങള്‍ ചെയ്യാനുളള ദൈവത്തിന്റെ നിര്‍ദേശം പിന്തുടരുക മാത്രമാണ് താന്‍ ചെയ്തതെന്നുമായിരുന്നു ഇയാളുടെ വാദങ്ങള്‍.