കട്ടപ്പനയിൽ 20 കോടി രൂപ വില വരുന്ന 17 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടികൂടിയ കേസിലെ ഒന്നാം പ്രതി പിടിയില്‍. നെടുങ്കണ്ടം സ്വദേശി എബിന്‍ ദിവാകരനാണ് പിടിയിലായത് .നേരത്തെ പിടിയിലായ മൂന്ന് പ്രതികള്‍ കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിലാണ്.

ഇക്കഴിഞ്ഞ ഇരുപതാം തീയതിയാണ് മൂന്നുപേരെ ഹാഷിഷ് ഒയിലുമായി കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഹാഷിഷ് ഓയിലിനായുള്ള കഞ്ചാവ് അന്ധ്രപ്രദേശില്‍ നിന്ന് എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന നെടുങ്കണ്ടം സ്വദേശി എബിന്‍ ദിവാകരനാണ് പിടിയിലായത്. നേരത്തെ പിടികൂടിയ രാമക്കൽമേട് പതാലിൽ അഡ്വ. ബിജു രാഘവൻ, ശാന്തൻപാറ പന്തലാൽ ഷിനോ ജോൺ എന്നിവരെയാണ് തൊടുപുഴ എൻ.ഡി.പി.എസ് കോടതി 31 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത ദിവസം ഹാഷിഷ് ഓയില്‍ കൊണ്ടു വന്ന കാറ് ഓടിച്ചിരുന്നത് അബിനായിരുന്നു.തങ്ങളെ കുടുക്കാനെത്തിയത് പോലീസ് സംഘമാണെന്ന സൂചന കിട്ടിയതോടെ അബിന്‍ ഓടി രക്ഷപെട്ടു .ഇടുക്കി ജില്ലാ സഹകരണ ബാങ്കില്‍ അസി. മാനേജരാണിയാള്‍. നേരത്തെ കുബേര കേസുകളിലടക്കം പ്രതിയുമാണ്.രണ്ട് വര്‍ഷമായി ഇയാള്‍ക്ക് ഹാഷിഷ് ഓയില്‍ കടത്തുമായി ബന്ധമുണ്ടെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഒരു തവണ ബാഗ്ളൂരില്‍ വച്ച് കഞ്ചാവ് കടത്തിന് പിടിയിലായിട്ടുമുണ്ട്.

ആന്ധ്രപ്രദേശിലെ പിന്നാക്കമേഖലകളില്‍ നിന്ന് കഞ്ചാവെത്തിച്ച് ഹാഷിഷ് ഓയില്‍ ഉണ്ടാക്കി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയാണ് ഇവര്‍ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസ് ലഭിച്ചിരിക്കുന്ന വിവരം.. ആന്ധാപ്രദേശിലേക്കും അന്വേഷണം വ്യാപിപ്പിക്കാനും നീക്കമുണ്ട്.