ഒരു കിലോയോളം ഹാഷിഷുമായി നാലു പേര്‍ മലപ്പുറം പെരിന്തല്‍മണ്ണയില്‍ പിടിയിലായി. പൊലീസ് നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് സംഘം വലയിലായത്.
925 ഗ്രാം ഹാഷിഷുമായാണ് സംഘം പൊലീസ് വലയിലായത്. പെരിന്തല്‍മണ്ണ ജൂബിലി റോഡില്‍ മയക്കു മരുന്ന് കൈമാറാനുള്ള ശ്രമത്തിനിടെ പിടികൂടുകയായിരുന്നു. എറണാകുളം പനമ്പള്ളി നഗര്‍ സ്വദേശി കെ ടി അഖില്‍, എടവനക്കാട് സ്വദേശി ജോണ്‍ ജോബി, മലപ്പുറം ചെമ്മലശ്ശേരി സ്വദേശികളായ ഷെഫീഖ് അലി, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്. ജില്ലയില്‍ കഞ്ചാവിന് പുറമെ ഹാഷിഷ് ഉപയോഗവും കൂടിയതായി എക്‌സൈസിനും പൊലീസിനും വിവരമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പിടികൂടിയ ഹാഷിഷിന് 25 ലക്ഷം രൂപ വില വരും. ഒരു കിലോ ഹാഷിഷ് ഉണ്ടാക്കാന്‍ 20 കിലോ കഞ്ചാവ് വേണം. കമ്പം, തേനി ഭാഗങ്ങളില്‍ നിന്നാണ് ഇവ കൊണ്ടുവന്നതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
