Asianet News MalayalamAsianet News Malayalam

കണ്ണീരോടെ കേരളം; വീരമൃത്യു വരിച്ച വസന്തകുമാറിന്‍റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും

വസന്തകുമാർ പ്രാഥമിക വിദ്യാഭ്യാസം നടത്തിയ ലക്കിടി എൽ പി സ്കൂളിലാണ് ഭൗതിക ശരീരം പൊതുദർശനത്തിന് വെക്കുക. തൃക്കൈപ്പറ്റ വാഴക്കണ്ടിയിലെ കുടുംബശ്മശാനത്തിലായിരിക്കും സംസ്കാരം. ഉച്ചയോടെ മൃതദേഹം കരിപ്പൂരിലെത്തിക്കും. 

havildar vv vasandhakumar's deadbody will reach today at kozhikode
Author
Kozhikode, First Published Feb 16, 2019, 7:00 AM IST

കോഴിക്കോട്: പുല്‍വാമയില്‍ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാറിന്‍റെ മൃതദേഹം ഉച്ച തിരിഞ്ഞ് 2.50-ഓടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിക്കും. ലക്കിടി എല്‍പി സ്കൂളിൽ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും.

കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ജില്ലാ കളക്ടറടങ്ങുന്ന സംഘം ഏറ്റുവാങ്ങും. വസന്തകുമാറിന്‍റെ തൊട്ടടുത്ത ബന്ധുക്കളും വിമാനത്താവളത്തിലേക്ക് പോയിട്ടുണ്ട്. വസന്തകുമാർ പ്രാഥമിക വിദ്യഭ്യാസം നടത്തിയ ലക്കിടി എൽ പി സ്കൂളിലാണ് ഭൗതിക ശരീരം പൊതുദർശനത്തിന് വെയ്ക്കുക. 

തൃക്കൈപ്പറ്റ വാഴക്കണ്ടിയിലെ കുടുംബശ്മശാനത്തിലായിരിക്കും സംസ്കാരം. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ടി പി രാമകൃഷ്ണനും കടന്നപ്പള്ളി രാമചന്ദ്രനുമാകും ചടങ്ങുകളില്‍ പങ്കെടുക്കുക. വസന്തകുമാര്‍ രാജ്യത്തിന് വേണ്ടി പോരാടി മരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് സഹോദരന്‍ സജീവന്‍ പ്രതികരിച്ചിരുന്നു.

ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ കഴിഞ്ഞ ഒമ്പതാം തിയതിയാണ് തിരിച്ച് ജമ്മുകാശ്മീരിലേക്ക് പോയതെന്നും വസന്തകുമാറിന്‍റെ സഹോദരന്‍ സജീവന്‍ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. പതിനെട്ട് വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ആക്രമണത്തില്‍ വീര്യമൃത്യു വരിക്കുന്നത്.

ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി  ആക്രമണത്തിൽ ഹവില്‍ദാര്‍ വസന്തകുമാറടക്കം 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പിന്നാലെ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

Follow Us:
Download App:
  • android
  • ios