ന്യൂയോര്‍ക്ക്: യാത്രാവിലക്കില്‍ അമേരിക്കന്‍ പ്രസി‍ഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ യാത്രാ നിരോധന ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് ഹവായ് കോടതി ഉത്തരവിട്ടു. നിരോധനം ഏര്‍പ്പെടുത്തിയ രാഷ്‌ട്രങ്ങളില്‍നിന്നും അമേരിക്കയില്‍ സ്ഥിരതാമസക്കാരായവരുടെ അടുത്ത ബന്ധുക്കളെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്നും തടയാനാകില്ലെന്നാണ് ഉത്തരവ്. സുപ്രീം കോടതി ഉത്തരവിനെ വ്യാഖ്യാനിച്ച് അടുത്ത ബന്ധുക്കള്‍ക്കും ട്രംപ് ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ട്രംപ് സര്‍ക്കാര്‍ യാത്രാ നിരോധനം ഏ‌ര്‍പ്പെടുത്തിയത്.