ആ ആരാധനയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്

മോസ്‌കോ: ഫ്രാൻസിന്റെ കടുത്ത ഒരു ആരാധകനുണ്ട് ബെൽജിയം നിരയിൽ. മുന്നേറ്റക്കാരൻ ഏദൻ ഹസാർഡ് ഫ്രഞ്ച് പടയെ പിന്തുണച്ചിരുന്നതിന് പിന്നിൽ ഒരു കഥയുണ്ട്. 

1998ൽ ഫ്രാൻസ് കിരീടം നേടിയപ്പോൾ കുഞ്ഞു ഹസാർഡിന് ഏഴ് വയസ്. ആവേശം ഫ്രാൻസും കടന്ന് ഫ്രഞ്ചുകാരുള്ളിടത്തെല്ലാം വ്യാപിച്ചു. ബെൽജിയത്തിലെ ഫ്രഞ്ച് ഭൂരിപക്ഷ പ്രദേശമായ ലാ ലൗവിയറിൽ ഹസാർഡും സഹോദരങ്ങളും സിദാന്‍റെ വിജയം ആഘോഷിച്ചു. ബെൽജിയമെങ്കിലും ഫ്രാൻസിനായിരുന്നു നാട്ടിൽ കൂടുതൽ ആരാധകരെന്നാണ് ഹസാർഡ് പറയുന്നത്. 

പിന്നീട് ഹസാർഡ് കളി പഠിക്കാൻ പോയതും ഫ്രഞ്ച് ലീഗിലെ ലില്ലെയിൽ. കുഞ്ഞു ഹസാർഡ് ഫ്രഞ്ച് ജേഴ്സിയണിഞ്ഞ് നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായതോടെയാണ് ഹസാഡിന്‍റെ ഇഷ്ടത്തെക്കുറിച്ച് ആരാധകരും അറിയുന്നത്. വർഷങ്ങൾക്ക് ശേഷം അന്നത്തെ ഫ്രഞ്ച് ആരാധകൻ നേതൃത്വം നൽകുന്ന ടീം ഫ്രാൻസിനെ നേരിടുമ്പോൾ ബെൽജിയം പഴയ ബെൽജിയമല്ല.

കുഞ്ഞുനാളിലെ ആരാധന കളത്തിലുണ്ടാകില്ലെന്ന് ഉറപ്പ്. ബെൽജിയത്തിന്‍റെ സുവർണ തലമുറ തോൽക്കണമെന്ന് ആഗ്രഹിക്കുന്നവർ ഇന്ന് ഒരുപക്ഷേ പഴയ ലാലൗവിയറിൽ പോലും ഉണ്ടാകില്ല.