മിന്നൽ ഹര്‍ത്താലിൽ ഡീൻ കുര്യാക്കോസിനെതിരെ ഹൈക്കോടതി. മിന്നൽ ഹര്‍ത്താൽ പാടില്ലെന്ന നിയമം അറിയില്ലേ എന്ന് ഡീൻ കുര്യാക്കോസിനോട് കോടതി ചോദിച്ചു. ഡീൻ എൽഎൽബി പഠിച്ചെങ്കിലും പ്രാക്ടീസില്ലെന്നായിരുന്നു അഭിഭാഷകന്‍റെ മറുപടി

കൊച്ചി:കാസർകോട് ഇരട്ടക്കൊലപാതകത്തിന്‍റെ പേരിൽ പ്രഖ്യാപിച്ച മിന്നല്‍ ഹര്‍ത്താലിനെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഡീൻ കുര്യാക്കോസ് കോടതിയിൽ ഹാജരായത്. ഹര്‍ത്താലിൽ ഉണ്ടായ നഷ്ടം അത് പ്രഖ്യാപിച്ച ആളെന്ന നിലയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡീൻ കുര്യാക്കോസിൽ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. 

മിന്നൽ ഹര്‍ത്താൽ പാടില്ലെന്ന കോടതി വിധി അറിയില്ലേ എന്നും ഡീൻ കുര്യാക്കോസ് നിയമം പഠിച്ച ആളല്ലെ എന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയും ഏകെ ജയശങ്കരൻ നമ്പ്യാരും അടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചു. എന്നാൽ ഡീൻ കുര്യാക്കോസ് എൽഎൽബിക്ക് പഠിച്ചിട്ടേ ഉള്ളു പ്രാക്ടീസ് ഇല്ലെന്നുമായിരുന്നു അഡ്വ. ദണ്ഡപാണി കോടതിയെ അറിയിച്ചത്.

യുഡിഎഫ് ഹർത്താലിൽ സംസ്ഥാനത്തു ഉണ്ടായ നഷ്ടം ഡീൻ കുര്യാക്കോസിൽ നിന്നും ഈടാക്കണം എന്ന് കോടതി നിര്‍ദ്ദേശിച്ചു. കാസർഗോഡ് ജില്ലയിലെ നഷ്ടം യുഡിഫ് ഭാരവാഹികളായ കമറുദ്ദിൻ ഗോവിന്ദൻ നായർ എന്നിവരിൽ നിന്നും ഈടാക്കണം. നാശനഷ്ടങ്ങൾ ഉണ്ടായതിന്‍റെ കണക്ക് എടുക്കുന്നതിനു കമ്മീഷണനെ നിയമിക്കുന്ന കാര്യം ആലോചിക്കാം എന്നും കോടതി പറഞ്ഞു. 

കോടതി നിര്‍ദ്ദേശ പ്രകാരം ഡീൻ കുര്യാക്കോസ് ഇന്ന് നേരിട്ട് ഹാജരായിരുന്നു. കേസിൽ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാൻ കൂടുതൽ സമയം വേണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. കേസ് അടുത്ത മാസം ആറിന് വീണ്ടും കോടതി പരിഗണിക്കും