Asianet News MalayalamAsianet News Malayalam

ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി

കാസര്‍ഗോഡ് ജില്ലയിലുണ്ടായ നഷ്ടങ്ങള്‍ക്കുള്ള പരിഹാരതുക കാസര്‍ഗോഡ് യുഡിഎഫ് ഭാരവാഹികളായ കമറൂദീന്‍, ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്നും ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

HC directed to seize cost of loses in harthal from dean kuriakose
Author
High Court of Kerala, First Published Feb 22, 2019, 10:53 AM IST


കൊച്ചി: ഹര്‍ത്താലിനെതിരെ കര്‍ശന നടപടികളുമായി കേരള ഹൈക്കോടതി. കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ മുഴുവന്‍ നഷ്ടങ്ങള്‍ക്കും തുല്യമായ തുക യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനും ഇതേ നിര്‍ദേശങ്ങള്‍ ബാധകമാണ് എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ കര്‍മസമിതി നേതാക്കളായ മുന്‍ഡിജിപി ടിപി സെന്‍കുമാര്‍, ഹിന്ദു ഐക്യവേദി നേതാവ്  കെപി ശശികല തുടങ്ങിയവരും നഷ്ടപരിഹാരം നല്‍കേണ്ടി വരും. 

കാസര്‍ഗോഡ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് യുഡിഎഫാണ് ആണ് എന്ന കാര്യം പരിഗണിച്ച് ജില്ലയിലെ നാശനഷ്ടങ്ങളുടെ ചിലവ് കാസര്‍ഗോഡ് യുഡിഎഫ് ചെയര്‍മാന്‍ എം.സി.കമറൂദീന്‍, കണ്‍വീനര്‍ ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്നും ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. നഷ്ടം ഈടാക്കുന്നത് കൂടാതെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് കണക്കിലെടുത്ത് പ്രേരണക്കുറ്റം ചുമത്തിയും ഡീന്‍ കുര്യാക്കോസിനേയും യുഡിഎഫ് കാസര്‍കോട് ഭാരവാഹികളേയും പ്രതിയാക്കി കേസെടുക്കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാവുന്ന ഹര്‍ത്താലുകള്‍ ജനജീവിതം ദുസഹമാക്കുന്നത് പരിഗണിച്ച് ഹര്‍ത്താല്‍ നടത്തുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ നേരത്തെ കേരള ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം ഹര്‍ത്താല്‍ നടത്തണമെങ്കില്‍ മിനിമം ഏഴ് ദിവസം മുന്‍പ് ഇക്കാര്യം പ്രഖ്യാപിക്കുകയും നോട്ടീസ് നല്‍കുകയും വേണം. എന്നാല്‍ കാസര്‍കോട് പെരിയയില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അര്‍ധരാത്രി ഒരു മണിയോടെയാണ് ഫേസ്ബുക്കിലൂടെ ഹര്‍ത്താല്‍ നടത്തുന്ന കാര്യം ഡീന്‍ കുര്യാക്കോസ് പ്രഖ്യാപിച്ചത്. ഇതിനെതിരെ ലഭിച്ച പരാതിയിലാണ് കേരള ഹൈക്കോടതി കര്‍ശന നടപടി സ്വീകരിച്ചത്. 

തനിക്കെതിരായ കോടതീയലക്ഷ്യക്കേസില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഡീന്‍ കുര്യാക്കോസ് സമയം നീട്ടിച്ചോദിച്ചിരുന്നു. ഇത് അംഗീകരിച്ച കോടതി കേസ് മാര്‍ച്ച് ആറാം തീയതിയിലേക്ക് മാറ്റി. തുടര്‍ന്ന് ഹര്‍ത്താലുമായി ബന്ധപ്പെട്ട മറ്റു ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങള്‍ ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ഹര്‍ത്താലിലെ യഥാര്‍ത്ഥ നഷ്ടം എത്രയാണ് എന്ന് കണ്ടെത്താന്‍ പ്രത്യേക കമ്മീഷനെ നിയമിക്കുമെന്നും ഈ കമ്മീഷന്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചുള്ള തുക നേതാക്കളില്‍ നിന്നും ഈടാക്കണമെന്നും കേരള ഹൈക്കോടതി വ്യക്തമാക്കി. 

യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കെഎസ്ആര്‍ടിസിക്ക് മാത്രം ഹര്‍ത്താലില്‍ 1.35 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നുണ്ട്. മറ്റു നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കണക്കാക്കി വരുന്നേയുള്ളൂ എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. നഷ്ടം ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്നും ഈടാക്കണം എന്ന നിലപാടാണ് സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചത്.

നേരത്തെ ഹര്‍ജി പരിഗണിക്കുന്നതിനിടെ രൂക്ഷമായ വിമര്‍ശനമാണ് കേരള ഹൈക്കോടതി ഡീന്‍ കുര്യാക്കോസിന് നേരെ നടത്തിയത്. ഡീന്‍ എല്‍എല്‍ബി പഠിച്ച ആളല്ലേ, നിയമം അറിയില്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. എന്നാല്‍ ഡീന്‍ എല്‍എല്‍ബി പൂര്‍ത്തിയാക്കി എന്നല്ലാതെ പ്രക്ടീസ് ചെയ്യുന്നില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios