ചെന്നൈ: മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്‌പീക്കറുടെ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ടിടിവി ദിനകരന്‍ പക്ഷം നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. അതേസമയം, നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സ്റ്റേ ഒക്ടോബര്‍ നാല് വരെ നാട്ടുകയും ചെയ്തു. അതുവരെ വിശ്വാസവോട്ട് നടത്തരുതെന്ന് കോടതി ഉത്തരവിട്ടു. ഇരുപക്ഷത്തിന്റെയും അംഗീകരാരത്തോടെയാണ് വിശ്വാസവോട്ടെടുപ്പിനുള്ള സ്റ്റേ നീട്ടിയത്.

എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ ഉത്തരവ് പൂര്‍ണമായും തടഞ്ഞില്ലെങ്കിലും ഇവരുടെ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള വിജ്ഞാപനമിറക്കുന്നത് കോടതി വിലക്കി. അയോഗ്യരാക്കിയ എംഎല്‍എമാരുടെ മണ്ഡലം ഒഴിഞ്ഞു കിടക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനുള്ള നീക്കമാണ് കോടതി തടഞ്ഞത്. അണ്ണാ ഡിഎംകെയില്‍ വിമതപക്ഷമായിരുന്ന ടിടിവി ദിനകരനു പിന്തുണ പ്രഖ്യാപിച്ച എംഎല്‍എമാരെയാണ് സ്പീക്കര്‍ പി.ധനപാലന്‍ അയോഗ്യരാക്കിയത്. സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.

വിശ്വാസവോട്ടെടുപ്പ് ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ടുള്ള ഡിഎംകെയുടെ ഹര്‍ജിയും ഹൈക്കോടതി പരിഗണിച്ചിരുന്നു. സ്‌പീക്കറുടെ നടപടി സ്റ്റേ ചെയ്യാതിരുന്നത് കേവല ഭൂരിപക്ഷമില്ലാത്ത എടപ്പാടി സര്‍ക്കാരിന് വലിയ ആശ്വാസമായി. ഒക്ടോബര്‍ നാലുവരെ വിശ്വാസവോട്ടെടുപ്പ് നടത്തരുതെന്ന നിര്‍ദേശവും സര്‍ക്കാരിണ് ആശ്വാസമാകും.