കൊച്ചി: ചന്ദ്ര ബോസ് വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതി തൃശൂരിലെ വ്യവസായി മുഹമ്മദ് നിസാം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്പിന്‍മാറി. രണ്ടാമത്തെ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി കേള്‍ക്കാതെ ഒഴിവാക്കുന്നത്.

ഇനി മറ്റൊരു ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനക്ക് ഹര്‍ജി അടുത്ത ദിവസം കൈമാറും.ജസ്റ്റീസുമാരായ ആന്റണി ഡൊമിനിക്ക്, ദാമാ ശേഷാദ്രി നായിഡു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് പിന്‍മാറിയത്.

2015 ജനുവരി 28-ന് പുഴയ്‌ക്കലിലെ ടൗണ്‍ഷിപ്പിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വ്യവസായിയും, ടൗണ്‍ഷിപ്പിലെ താമസക്കാരനുമായിരുന്ന മുഹമ്മദ് നിസാം തന്റെ ആഡംബര വാഹനമായ ഹമ്മര്‍ ജീപ്പിടിപ്പിക്കുകയും മാരകമായി മര്‍ദ്ദിക്കുകയും ചെയ്തു. ചന്ദ്രബോസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഈ കേസില്‍ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ട നിസാം ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ബന്ധുകളും, ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരും നിസാമിന് പരോള്‍ നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ രംഗത്തെത്തിയത് വിവാദമായിരുന്നു.