അപ്രതീക്ഷിത ഹര്‍ത്താൽ പ്രഖ്യാപനത്തിൽ യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മുൻകൂര്‍ നോട്ടീസ് നൽകാതെ ഹര്‍ത്താൽ പ്രഖ്യാപിച്ചതിനെതിരെയാണ് ഹൈക്കോടതിയുടെ അസാധാരണ നടപടി
കൊച്ചി: അപ്രതീക്ഷിത ഹര്‍ത്താൽ പ്രഖ്യാപനത്തിൽ യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായുള്ള ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്. ജനുവരി മൂന്നാം തീയതി നടന്ന ഹർത്താലിന് ശേഷം സംസ്ഥാനത്ത് മിന്നൽ ഹർത്താലുകൾ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. മുൻകൂര്‍ നോട്ടീസ് നൽകാതെ ഹര്‍ത്താൽ പ്രഖ്യാപിക്കരുതെന്ന ഈ ഉത്തരവ് ലംഘിച്ചതിനാലാണ് നടപടി.
ഹര്‍ത്താലോ മിന്നൽ പണിമുടക്കോ പ്രഖ്യാപിക്കുമ്പോൾ ഏഴ് ദിവസത്തെ മുൻകൂര്‍ നോട്ടീസെങ്കിലും വേണമെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ നിര്‍ദ്ദേശിച്ചിരുന്നത്. കാസര്‍കോട് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഒറ്റരാത്രി കൊണ്ട് ഹര്‍ത്താൽ പ്രഖ്യാപിച്ചതിനെതിരെയാണ് ഇപ്പോൾ സ്വമേധയാ കേസെടുത്തിരിക്കുന്നത്.
കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ഇന്നലെ അർദ്ധരാത്രി ഫേസ്ബുക്കിലൂടെയാണ് ഡീൻ കുര്യാക്കോസ് ഹർത്താൽ ആഹ്വാനം നടത്തിയത്. ഡീൻ കുര്യാക്കോസ് അടക്കമുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കോടതിയലക്ഷ്യ നടപടി അടക്കം നേരിടേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
