മുംബൈ: കോമയിലുള്ള ഭര്‍ത്താവിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ ഭാര്യയ്ക്ക് ബോംബെ ഹൈക്കോടതിയുടെ അനുമതി. ചികില്‍സയ്ക്കായി പണം കണ്ടെത്താന്‍ ഭര്‍ത്താവിന്‍റെ അക്കൗണ്ടുകള്‍ പരിപാലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാര്യ കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എസ്.എം കേംമ്കര്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് വിധി പറഞ്ഞത്. 

ഭര്‍ത്താവിന്‍റെ ചികില്‍സയ്ക്കായുള്ള പണം കണ്ടെത്താന്‍ ഭാര്യ ഇതിനകം വളരെയധികം ബുദ്ധിമുട്ടിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ഹൈക്കോടതി ബാങ്ക് അക്കൗണ്ടുകള്‍ക്ക് മേല്‍ അവരെ അവകാശിയായി നിയമിച്ചു. ഓയില്‍ കമ്പനിയില്‍ ജനറല്‍ മാനേജറായിരുന്ന ഭര്‍ത്താവ് പാരാലിറ്റിക് സ്‌ട്രോക് വന്നതിനെ തുടര്‍ന്നാണ് കോമയിലായത്.