കൊച്ചി: ഇതര മതസ്ഥരുമായുള്ള എല്ലാ വിവാഹവും ലവ് ജിഹാദും ഖര്‍ വാപ്പസിയും ആണെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ ശിവശക്തി യോഗ സെന്ററിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ ഹെല്‍പ് ലൈനും കോടതിയെ സമീപിച്ചു. മലപ്പുറം സത്യസരണിക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് ചെര്‍പ്പുളശേരി സ്വദേശി ആതിരയും കോടതിയിലെത്തിയിട്ടുണ്ട്.
തൃപ്പൂണിത്തുറ ശിവശക്തി യോഗ സെന്ററിനെതിരെ ശ്രുതിയെന്ന യുവതി നല്‍കിയ ഹര്‍ജിയും ശ്രുതി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് അനീസ് നല്‍കിയ ഹേബിയസ് കോര്‍പ്പസുമാണ് ഹൈക്കോടതിയുടെ പരിഗണനക്കെത്തിയത്. ഇതര മതസ്ഥരുമായുള്ള എല്ലാ വിവാഹവും ലവ് ജിഹാദോ, ഘര്‍ വാപ്പസിയോ ആയി കരുതാനാകില്ലെന്ന് കോടതി പറഞ്ഞു. ഇത്തരം എല്ലാ വിവാഹങ്ങളെയും ലൗജിഹാദെന്ന പേരില്‍ പെരുപ്പിച്ച് കാണിക്കരുത്. ശ്രുതിയും അനീസും തമ്മിലുളള വിവാഹം ലൗ ജിഹാദ് ആണെന്നതിന്റെ യാതൊരു ലക്ഷണവും നല്‍കുന്നില്ല. ശ്രുതിയെ നിയമപരമായി വിവാഹം കഴിച്ചതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം പോകാന്‍ യുവതിയെ അനുവദിച്ചു.
ഇതിനിടെ എറണാകുളം കണ്ടനാട്ടെ ശിവശക്തി യോഗ സെന്ററിനെതിരായ ഹര്‍ജികളില്‍ കക്ഷി ചേരാന്‍ രണ്ട് പേര്‍ കൂടി ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം സ്വദേശിയും ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍ സെക്രട്ടറിയുമായ രഞ്ജിത് എബ്രഹാമും ചെറുപ്പുളശേരി സ്വദേശി വി കെ ആതിരയുമാണ് ഹര്‍ജി നല്‍കിയത്. സംസ്ഥാനത്ത് ലവ് ജിഹാദുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ യുവതികളെ മതം മാറ്റിയെന്ന് രഞ്ജിത് എബ്രഹാമിന്റെ ഹര്‍ജിയിലുണ്ട്. മലപ്പുറത്തെ സത്യസരണി എന്ന സ്ഥാപനത്തിനെതിരെ അന്വേഷണം വേണമെന്നാണ് വികെ ആതിരയുടെ ആവശ്യം. സത്യസരണിയില്‍ മതംമാറ്റത്തിന് വിധേയയായ താന്‍ കണ്ടനാട്ടെ വിവാദ യോഗ സെന്റര്‍ വഴിയാണ് സനാതന ധര്‍മ്മത്തിലേക്ക് തിരിച്ചെത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതിനിടെ യോഗ സെന്ററിനെതിരായ ഹര്‍ജികളില്‍ കൊച്ചി ഹില്‍പാലസ് പൊലീസ് ഹൈക്കോടതിയില്‍ ഇന്നും മറുപടി റിപ്പോര്‍ട്ട് നല്‍കിയില്ല. എന്നാല്‍ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയ യോഗസന്ററിലെ മുന്‍ ജീവനക്കാരന്‍ കൃഷ്ണകുമാറിനെതിരെ പൊലീസ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
