കൊച്ചി: ലോട്ടറി ഇടപാടുമായി ബന്ധപ്പെട്ട് സാന്റിയാഗോ മാര്‍ട്ടിന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.കള്ളപ്പണയിടപാടിന്റെ പേരില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്താണ് സാന്റിയാഗോ മാര്‍ട്ടിന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.സാന്റിയാഗോ മാര്‍ട്ടിനായി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരന്‍ ഹാജരായത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. സാന്റിയാഗോ മാര്‍ട്ടിന്‍ ഉള്‍പ്പെട്ട ലോട്ടറിക്കേസില്‍ 23 എണ്ണം സിബിഐ ഏഴുതിത്തളളിയത് ചോദ്യംചെയ്തുളള സംസ്ഥാന സര്‍ക്കാരിന്റെ ഹ!ര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇത് നിലനില്‍ക്കെയാണ് സര്‍ക്കാരിന്റെ നിയമോപദേശകനായ അഭിഭാഷകന്‍ തന്നെ പ്രതിയ്ക്കായി ഹാജരായത്. എം കെ ദാമോദരന്‍ ഇന്ന് വീണ്ടും സാന്റിയാഗോ മാര്‍ട്ടിനായി കോടതിയില്‍ എത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.