കൊച്ചി: കെ എം മാണിക്കെതിരായ ബാർ കോഴ കേസ് മുദ്ര വച്ച കവറില്‍ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ട്‌ ചോർന്നതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. റിപ്പോർട്ടിന്‍മേലുള്ള തുടർ ചർച്ചകൾ പാടില്ലെന്ന് മാധ്യമങ്ങൾക്ക് ഹൈക്കോടതി നിർദേശം നൽകി. റിപ്പോർട്ട്‌ ചോർന്നതിനെക്കുറിച്ചു വിജിലൻസ് അന്വേഷണം ആരംഭിച്ചു 

വിജിലൻസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ മുദ്രവച്ച കവറില്‍ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടാണ് ചോർന്നത്. ഇക്കാര്യം ശ്രദ്ധയിൽപെട്ട കോടതി സീനിയർ ഗവണ്മെന്റ് പ്ളീഡറെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. ഇന്ന് തുറന്ന കോടതിയിൽ കേസ് പരിഗണിച്ച ജസ്റ്റിസ്‌ സുധീന്ദ്ര കുമാർ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. 

ഇതേക്കുറിച്ചു അന്വേഷിക്കാൻ വിജിലൻസ് എസ് പി അജിയുടെ നേതൃത്വത്തിൽ മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നു വിജിലൻസ് വിശദീകരണം നൽകി. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ ഒന്നും പറയുന്നില്ലെന്ന് കോടതി പറഞ്ഞു. റിപ്പോർട്ടിന്മേലുള്ള തുടർ ചർച്ചകൾ വിലക്കുകയും ചെയ്തു. മാണിക്കെതിരായ ബാർ കോഴക്കേസിലെ അന്തിമ റിപ്പോർട്ട്‌ 45 ദിവസത്തിനകം സമർപ്പിക്കാനാണ് കോടതി വിജിലൻസിന് കഴിഞ്ഞ നിർദേശം നല്കിയത്