ചണ്ഡീഗഢ്: ഗുര്‍മീത് രാം റഹീമിന്റെ അനുയായികള്‍ നടത്തിയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്കും ഹരിയാന സര്‍ക്കാറിനും എതിരെ രൂക്ഷമായ പ്രതികരണവുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി.
കലാപത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പ്രധാനമന്ത്രിക്കും ഒഴിഞ്ഞു മാറാനാകില്ലെന്ന് കോടതി പറഞ്ഞു. കലാപം നടക്കുന്ന പ്രദേശം സംസ്ഥാനത്തിന്റെ പരിതിയിലുള്ളതാണെന്ന് കേന്ദ്രസര്‍ക്കാറിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്. ഹരിയാനയും പഞ്ചാബും ഇന്ത്യയുടെ ഭാഗമാണെന്നും എന്തിനാണ് ഈ പ്രദേശങ്ങളെ വളര്‍ത്തു പുത്രനെ പോലെ കാണുന്നതെന്നും കോടതി ചോദിച്ചു. മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, ബി.ജെപിയുടെതല്ല എന്നത് ഓര്‍ക്കണമെന്നും കോടതി വ്യക്തമാക്കി.
രാഷ്ട്രീയ നേട്ടത്തിനായി പഞ്ച്കുലയെ കത്തിയെരിയാന്‍ വിട്ടുകൊടുക്കുകയായിരുന്നു. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ കൈയ്യും കെട്ടി നോക്കി നിന്നു. ഗുര്‍മീതിന്റെ അനുയായികള്‍ തടിച്ചു കൂടിയപ്പോള്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. വിധി കേള്‍ക്കാനെത്തിയ ഗുര്‍മീതിനൊപ്പം എത്രവാഹനങ്ങള്‍ ഉണ്ടായിരുന്നെന്നും, അക്രമങ്ങള്‍ ഉണ്ടാകുമെന്ന അപ്പോള്‍ തന്നെ ഉറപ്പായതല്ലേയെന്നും കോടതി ചോദിച്ചു.
ശിഷ്യയെ പീഡിപ്പിച്ച കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെയാണ് ഹരിയാനയിലും പഞ്ചാബിലു മടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ അനുയായികള്‍ അക്രമം അഴിച്ചുവിട്ടത്. അക്രമങ്ങളില്‍ ഇതുവരെ 35 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കേസില്‍ തിങ്കളാഴ്ച ശിക്ഷ വിധിക്കും.
ഈ സാഹചര്യത്തിലാണ് ഹൈക്കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് രൂക്ഷമായ പ്രതികരണവുമായി കോടതി രംഗത്തെത്തിയത്.
