വാരണാസി: കൊലപാതകത്തിന് ശേഷം കൊല്ലപ്പെട്ടയാളുടെ രക്തം ഉപയോഗിച്ച് മറ്റൊരാളുടെ പേരെഴിതിവച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കൊലയാളിയെ പോലീസ് കണ്ടെത്തി. യു.പിയിലെ വാരണാസിയിലാണ് നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ കൊലയാളി പിടിയിലായത്.
കഴിഞ്ഞ മാസമാണ് സ്വകാര്യ സ്ഥാപനത്തിന്റെ മാനേജര്‍ അശോക് ഗുപ്‌തയെ കുത്തേറ്റ് മരച്ച നിലയില്‍ ഓഫീസില്‍ കണ്ടെത്തിയത്. കൊലയാളി ഓഫീസില്‍ നിന്ന് 10 ലക്ഷം രൂപ കവരുകയും ചെയ്‌തിരുന്നു.സമീപത്തായി ചുവരില്‍ അശോകിന്റെ രക്തം ഉപയോഗിച്ച് വികാസ് എന്ന് എഴുതിയതായി പൊലീസ് കണ്ടെത്തി.
എന്നാല്‍ ചുവരിലെ എഴുത്ത് മരണവെപ്രാളത്തില്‍ എഴുതുന്ന രീതിയില്‍ അല്ലെന്ന് പൊലീസ് മനസിലാക്കി. തുടര്‍ന്ന് കൊലയാളിയാണ് ഇത് എഴുതിവച്ചതെന്ന നിഗമനത്തില്‍ പോലീസ് എത്തുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ പണം ഉണ്ടെന്ന് അറിയാവുന്ന ആളാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് ഊഹിച്ചു.
ഈ സംശയങ്ങളെല്ലാം വിരള്‍ ചൂണ്ടുന്നത് സ്ഥാപനത്തിലെ ജീവനക്കാരിലേക്ക് തന്നെയായിരുന്നു. തുടര്‍ന്ന് എല്ലാ ജീവനക്കാരോടും സ്വന്തം കൈപ്പടയില്‍ പേരും മേല്‍വിലാസവും മൊബൈല്‍ നമ്പറും എഴുതി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടു. എല്ലാ ജീവനക്കാരും എഴുതി നല്‍കിയ വിവരങ്ങളില്‍ ചുവരിലെ എഴുത്തുമായി സാമ്യമുള്ള കൈയക്ഷരം പോലീസ് കണ്ടെത്തി.അവയിലെ മൊബൈല്‍ നമ്പറുകളും പരിശോധിച്ചു.
എന്നാല്‍ സാമ്യമുള്ള കൈയക്ഷരത്തിന്‍റെ ഉടമ കന്പനിയിലെ ഓട്ടോഡ്രൈവറായ ഗൗതം കുമാര്‍ ഗൗര്‍ മൊബൈല്‍ നമ്പര്‍ തെറ്റായി നല്‍കിയതും കണ്ടെത്തിയതോടെ ഇയാളെ കസ്‌റ്റഡിയിലെടത്ത് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
വളരെ നേരത്തെ പദ്ധതിയിട്ട പ്രകാരമാണ് കൊലപാതകം നടത്തിയതെന്നും. സി.സി.സി.ടി.വി ദൃശ്യങ്ങളടക്കമുള്ളവ നശിപ്പിച്ചിരുന്നതായും സീനിയര്‍ പോലീസ് സൂപ്രണ്ട് ആര്‍.കെ ഭരദ്വാജ് പറഞ്ഞു. കയ്യില്‍ ഗ്ലൗസ് ഉപയോഗിച്ചാണ് പ്രതി കൊലപാതകം നടത്തിയത് സംഭവത്തിന് ശേഷവും ഇയാള്‍ സാധാരണ ദിവസങ്ങളിലെ പോലെ ജോലിക്കെത്തിയിരുന്നെന്നു. രക്തം ഉപയോഗിച്ച് ചുവരില്‍ പേര് എഴുതി പൊലീസിനെ വഴിതെറ്റിക്കാനുള്ള പ്രതിയുടെ അതിബുദ്ധിയാണ് കേസ് പെട്ടെന്ന് തെളിയിക്കാന്‍ പൊലീസിനെ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.
