ചണ്ഡീഗര്‍: ഹെല്‍മറ്റ് ധരിക്കാതെ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചതിന് ചണ്ഡീഗര്‍ പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ സുരീന്ദര്‍ സിംഗിനെ സസ്പെന്‍റ് ചെയ്തു. ഒന്‍പതാം തീയതിയാണ് സംഭവം. ഇയാള്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുന്നത് കണ്ട സുമിത് കുമാര്‍ തിവാരി എന്ന ചെറുപ്പക്കാരന്‍ ഇത് വീഡിയോയില്‍ ചിത്രീകരിച്ചു. തുടര്‍ന്ന് ഫോണില്‍ സംസാരിച്ച് കൊണ്ട് വണ്ടിയോടിക്കരുതെന്ന് പറഞ്ഞ സുമിതിനെ പോലീസ് കോണ്‍സ്റ്റബിള്‍ തല്ലുകയായിരുന്നു. മറ്റ് വല്ല കള്ള കേസിലും തന്‍റെ പേര് ചേര്‍ക്കുമോയെന്ന് പേടിച്ച സുമിത് ഭയന്നോടുകയായിരുന്നു

കൂട്ടുകാരുടെ നിര്‍ബന്ധ പ്രകാരം പിന്നീട് ഈ വീഡിയോ സമൂഹ മാധ്യമത്തില്‍ അപ് ലോഡ് ചെയ്യ്തു. ഇത് വൈറലായി മാറുകയും പിന്നീട് കോണ്‍ഗ്രസ്സ് നേതാവ് മനീഷ് തിവാരിയുള്‍പ്പെടെ വീഡിയോ ഷെയര്‍ ചെയ്ത് അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. വീഡിയോ ഡിജിപി തജേന്ദര്‍ സിംഗിന്‍റെ ട്വിറ്ററില്‍ ടാഗ് ചെയ്യുകയും തുടര്‍ന്ന് ഇയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും മനീഷ് തിവാരി ആവശ്യപ്പെട്ടു. സുരീന്ദര്‍ സിംഗിന്‍റെ ലൈസന്‍സ് ആറുമാസത്തേക്ക് റദ്ദാക്കുകയും ഇയാളെ ജോലിയില്‍ നിന്ന് സസ്പെന്‍റും ചെയ്തിട്ടുണ്ട്.