മധുര: 22 പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന കേസില്‍ സ്‌കൂളിലെ പ്രധാന അധ്യാപകന് 55 വര്‍ഷം കഠിന തടവ്. തമിഴ്‌നാട്ടിലെ മുധര സ്‌പെഷ്യല്‍ കോടതിയാണ് ചൊവ്വാഴ്ച ശിക്ഷ വിധിച്ചത്. എസ്. അരോക്യസാമി എന്നയാളെയാണ് ശിക്ഷിച്ചത്. ദളിതര്‍ ഉള്‍പ്പെടെയുള്ള കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടികള്‍ക്ക് 3.4 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടു.
ഇയാള്‍ 91 ആണ്‍കുട്ടികളെയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും ആരോപണമുണ്ട്. പിന്നാക്ക മേഖലയായ പൊധുംബു ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. ഐപിസി, എസ്.സി, എസ്.ടി വകുപ്പുകള്‍, തമിഴ്‌നാട് വിമണ്‍ ഹരാസ്‌മെന്റ് ആക്ട് എന്നിവ പ്രകാരമാണ് ശിക്ഷ.
കേസില്‍ പ്രതികളാക്കപ്പെട്ട സി.അമാലി റോസ്, ഷണ്‍മുഖ കുമാരസാമി, വിക്ടര്‍ എന്നീ അധ്യാപകരെ കോടതി കുറ്റവിമുക്തരാക്കി. കുറ്റകൃത്യം ചെയ്യാന്‍ പ്രധാന അധ്യാപകന് സഹായം ചെയ്തുകൊടുത്തു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഏഴു വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
