ഇവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരേയും മരിച്ചവരെ പോസ്റ്റ് മോര്‍ട്ടം ചെയ്ത മെഡിക്കല്‍ ടീമിനേയും രോഗനിര്‍ണയ പരിശോധനയ്ക്ക് വിധേയരാക്കും.

കോഴിക്കോട്:കോഴിക്കോട് അപൂര്‍വയിനം വൈറസ് ബാധിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തില്‍ ഉള്ളവര്‍ക്ക് മാത്രമാണ് രോഗം വന്നതെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പനിബാധയെക്കുറിച്ച് കേന്ദ്രസര്‍ക്കാരിനും ലോകാരോഗ്യസംഘടനയ്ക്കും വിവരം കൈമാറിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

ആരോഗ്യമന്ത്രിയുടെ വാക്കുകള്‍....

നിലവിലെ സ്ഥിതിയെക്കുറിച്ച് കേന്ദ്രസര്‍ക്കാരിനേയും ലോകാരോഗ്യസംഘടനയേയും വിവരമറിയിച്ചിട്ടുണ്ട്. കേന്ദ്രസംഘം എത്രയും പെട്ടെന്ന് ഇവിടെ സന്ദര്‍ശനം നടത്തണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. മണിപ്പാല്‍ ആശുപത്രിയില്‍ നിന്നും ഡോ.അരുണും സംഘവും ഇന്ന് സ്ഥലത്ത് എത്തി പരിശോധന നടത്തിയിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബത്തില്‍ അല്ലാതെ പുറത്താര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. 

രോഗബാധിതരുമായി നേരിട്ട് ഇടപെടുന്നവര്‍ക്കാണ് രോഗം പകരുന്നത് എന്നാണ് മനസിലായിട്ടുള്ളത്. നിലവില്‍ രോഗം വന്നവര്‍ മറ്റുള്ളവരുമായി ഇടപഴകുന്നത് തടയാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പേരാന്പ്ര താലൂക്ക് ആശുപത്രിയില്‍ മരിച്ചവരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചപ്പോള്‍ തൊട്ടടുത്ത ബെഡുകളിലുണ്ടായിരുന്ന രോഗികളേയും ബന്ധുകളേയും കണ്ടെത്തി രോഗപരിശോധന നടത്തും. 

പേരാന്പ്ര ആശുപത്രിയില്‍ ഇവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരേയും മരിച്ചവരെ പോസ്റ്റ് മോര്‍ട്ടം ചെയ്ത മെഡിക്കല്‍ ടീമിനേയും രോഗനിര്‍ണയ പരിശോധനയ്ക്ക് വിധേയരാക്കും. മൃതദേഹങ്ങള്‍ കുളിപ്പിച്ചവര്‍ക്കും പ്രത്യേക പരിശോധന നടത്തും. 

വവ്വാലുകളില്‍ നിന്നുമാണ് രോഗം പകരുന്നത് എന്നാണ് നിലവിലെ നിഗമനം. അതിനാല്‍ വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ ജാഗ്രത പാലിക്കണം. ഇവ ഭക്ഷിച്ച പഴങ്ങളും ഫലങ്ങളും ഒരു കാരണവശാലും കഴിക്കരുത്. വൈറസിനെക്കുറിച്ചും പനിയെക്കുറിച്ചും സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചരണം നടത്തരുത്. ആരോഗ്യവകുപ്പ് പുറത്തുവിടുന്ന കാര്യങ്ങള്‍ മാത്രം പൊതുജനങ്ങളില്‍ എത്തിച്ചാല്‍ മതി.