തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനത്തിലെ ക്രമക്കേടില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നു. മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മന്ത്രിക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതോടെയാണ് തുടര്‍ച്ചയായ നാലാം ദിവസവും പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്നു ബഹളം വച്ചത്. 

 ലാവലിന്‍ കേസില്‍ ഹൈക്കോടതി വിധിയെ അംഗീകരിക്കുകയും പ്രകീര്‍ത്തിക്കയും ചെയ്യുന്ന സര്‍ക്കാര്‍ ആരോഗ്യമന്ത്രിക്കെതിരായ കോടതി പരാമര്‍ശങ്ങള്‍ അംഗീകരിക്കാനുള്ള മനസ്സ് കാണിക്കണമെന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച കെ.സി ജോസഫ് എം എല്‍ എ ആവശ്യപ്പെട്ടു. മന്ത്രിക്കെതിരെ സിംഗില്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുവാന്‍ സര്‍ക്കാര്‍ അപേക്ഷിച്ചപ്പോള്‍ സ്‌റ്റേ നല്‍കാന്‍ തയാറാകാത്ത ഹൈക്കോടതി കൂടുതല്‍ രൂക്ഷമായി പരാമര്‍ശങ്ങള്‍ നടത്തിയെന്ന കാര്യവും കെസി ജോസഫ് ചൂണ്ടികാണിച്ചു. 

ഇതേ സമയം ആരോഗ്യമന്ത്രി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ബാലാവകാശ കമ്മീഷനിലെ അംഗത്വത്തിന് അപേക്ഷിക്കാനുള്ള തിയതി നീട്ടിയത് കൂടുതല്‍ പേര്‍ക്ക് അപേക്ഷ നല്‍കാന്‍ അവസരം ഒരുക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 

ആരോഗ്യമന്ത്രിക്കോ സര്‍ക്കാരിനോ എതിരെ കോടതിയില്‍ നിന്ന് പ്രതികൂലമായ വിധികള്‍ ഒന്നും വന്നിട്ടില്ല. ചില പരാമര്‍ശങ്ങള്‍ നടത്തിയതിനെ വിധിയായി കാണാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അയോഗ്യനാക്കപ്പെട്ട സുരേഷ് മികച്ച പ്രവര്‍ത്തന പരിചയമുള്ളയാളാണെന്നും ബാലാവകാശ കമ്മീഷനിലേക്കുള്ള നിയമനം നിയമസെക്രട്ടറി വിശദമായി പരിശോധിച്ചതാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. 
അതേ സമയം മന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലുടെ പരാതിയിലാണ് നടപടി.