Asianet News MalayalamAsianet News Malayalam

കോഴിക്കോട്ടെ പനിമരണം; കാരണം, അപൂർവ്വ ഇനം വൈറസ് എന്ന് ആരോഗ്യ മന്ത്രി

  • കോഴിക്കോട് ചങ്ങരോത്തെ  പനിമരണം
  • കാരണം അപൂർവ്വ ഇനം വൈറസ് എന്ന് ആരോഗ്യ മന്ത്രി‍
  • മൃഗങ്ങളിലുടെ പടരുന്ന വൈറസ് എന്നാണ് സൂചന
  • വവ്വാലുകളും മറ്റും കടിച്ച പഴ വർഗ്ഗങ്ങൾ കഴിക്കരുതെന്ന് നിർദ്ദേശം
health minister kk shylaja on fever death in calicut
Author
First Published May 19, 2018, 10:03 PM IST

കോഴിക്കോട്: അപൂർവ്വ ഇനം വൈറസാണ് കോഴിക്കോട് ചങ്ങരോത്ത് മൂന്ന് പേരുടെ മരണത്തിന് കാരണമായതെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. ഏത് വൈറസ് എന്നറിയാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധന നടത്തുമെന്നും മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡ് തുറക്കുമെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ ആശുപത്രികളുടെ സഹകരണവും തേടിയിട്ടുണ്ടെന്നും മൃഗങ്ങളിലുടെ പടരുന്ന വൈറസ് എന്നാണ് സൂചനയെന്നും കെ.കെ.ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

വവ്വാലുകളും മറ്റും കടിച്ച പഴ വർഗ്ഗങ്ങൾ കഴിക്കരുതെന്ന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കും പ്രത്യേക മുൻ കരുതൽ നല്‍കിയിട്ടുണ്ടെന്നും പതിനായിരത്തോളം മാസ്ക് ജില്ലയിൽ വിതരണം ചെയ്യുമെന്നും പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും മസ്തിഷ്ക ജ്വരമായാണ് രോഗം പ്രത്യക്ഷപ്പെടുന്നതെന്നും കേന്ദ്ര സംഘത്തോട് വരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. പകർച്ചപ്പനിയുടെ ലക്ഷണങ്ങുമായി ചികിത്സ തേടിയ മൂന്ന് പേര്‍ മരിച്ച പശ്ചാത്തലത്തില്‍ വിളിച്ച അടിയന്തര യോഗത്തിനു ശേഷം മാധ്യമങ്ഹളോട് സംസാരിക്കുകയായിരുന്നു കെ.കെ.ശൈലജ.

ആരോഗ്യ വകുപ്പ് അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ച പ്രദേശത്തെ 15 വീടുകള്‍ ഒഴിപ്പിച്ചു. രണ്ടാഴ്ചക്കുള്ളിലാണ് മൂന്ന് മരണം നടന്നത്. മരിച്ചവരെല്ലാം  ഒരു കുടുംബത്തിലുള്ളവരാണ്. ചങ്ങരോത്ത് വളച്ചുകെട്ടി വീട്ടിൽ മുഹമ്മദ് സാലിഹ്, സഹോദരൻ സാബിത്ത്, ഇവരുടെ ബന്ധു മറിയം എന്നിവരാണ് മരിച്ചത്. പനി മൂര്‍ച്ഛിച്ചതിനൊപ്പം  തലച്ചോറിൽ അണുബാധയുമുണ്ടായി. രോഗനിര്‍ണ്ണയം ഇനിയും കൃത്യമായി നടത്താനായിട്ടില്ല.

പ്രദേശത്ത് നൂറോളം പേർക്ക് പനി ബാധിച്ചിട്ടുണ്ട്. ഇവരുടെ രക്ത സാമ്പിളുകൾ മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക്  അയച്ചു. പരിശോധനാഫലം വന്നതിന് ശേഷമേ എന്ത് മരുന്ന് നല്‍കണമെന്ന് പോലും തീരുമാനിക്കാനാകൂയെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. രോഗം ബാധിച്ച് വരുന്നവര്‍ക്ക് ഇപ്പോള്‍ പാരസെറ്റമോള്‍ ഗുളിക മാത്രമാണ് നല്‍കുന്നത്. മരണം നടന്ന വീടിന്‍റെ സമീപമുള്ള പതിനഞ്ച് വീട്ടുകാരെ അടിയന്തരസാഹചര്യം പരിഗണിച്ച്  മാറ്റിപാര്‍പ്പിച്ചു.

അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച പ്രദേശത്ത് ആരോഗ്യവകുപ്പ് മെഡിക്കല്‍ ക്യാമ്പ് തുടങ്ങി. കോഴിക്കോട് മെഡിക്കൽ കോളജാശുപത്രി, പേരാന്പ്ര താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പ്രത്യേക വാർഡുകൾ തുറന്നു. സ്വാകാര്യ ആശപത്രികളിലും പനി ബാധിതര്‍ ചികിത്സ തേടിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios