നിപയിൽ രണ്ടാംഘട്ട വ്യാപനം ഉണ്ടാകില്ല രോഗ ബാധ ഉണ്ടായാല്‍ നേരിടാന്‍ സുസജ്ജം മരുന്നുകള്‍ സ്റ്റോക്കുണ്ട് ഗവേഷണ കേന്ദ്രങ്ങളില്ലാത്തത് തിരിച്ചടിയെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: നിപ വൈറസിന് രണ്ടാം ഘട്ട വ്യാപനം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നിപ ബാധ ഉണ്ടായാൽ നല്കാന് മരുന്നുകളും സറ്റോക്കുണ്ട്. അതേസമയം, രോഗ പ്രതിരോധത്തിന് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ പാലിച്ചോ എന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
രണ്ടാമത്തെ ആൾക്ക് രോഗം ബാധിച്ചപ്പോൾ തന്നെ നിപ സ്ഥിരീകരിക്കാനായത് രോഗ വ്യാപനത്തിന്റെ തോത് കുറച്ചു. എബോളയ്ക്കെതിരെ സ്വീകരിക്കുന്ന അതേ മാതൃകയില് പ്രതിരോധ മാനദണ്ഡങ്ങള് സ്വീകരിച്ചു. രോഗം ബാധിച്ചവരുമായി ഏതെങ്കിലും തരത്തില് സന്പർക്കം ഉണ്ടായവരെ കണ്ടെത്തി പരിശോധനകള് നടത്തി. വലിയ ഭീതിക്കുള്ള സാഹചര്യമില്ല. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച 12 പേർക്കെതിരെ കേസെടുത്തു.
ഗവേഷണ കേന്ദ്രങ്ങള് ഇല്ലാത്തത് തിരിച്ചടിയായെന്നായിരുന്നു പ്രതിപക്ഷ നിലപാട്. ബയോ സേഫ്ടി ലെവൽ 3 ലാബ് കോഴിക്കോടും ആലപ്പുഴയിലും വൈറോളജി ഗവേഷണ കേന്ദ്രം തിരുവനന്തപുരത്തും സ്ഥാപിക്കുമെന്ന് മന്ത്രി സഭയെ അറിയിച്ചു. ജൂണ് മാസം അവസാനം വരെ കരുതല് തുടരാനും തീരുമാനിച്ചു. എം കെ മുനീര് നല്കിയ അടിയന്തര പ്രമേയമാണ് സഭ രണ്ടര മണിക്കൂര് ചർച്ച ചെയ്തത്.
