തിരുവനന്തപുരം: ചികില്‍സ ലഭിക്കാതെ തമിഴ്നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജിനെ പ്രതിസ്ഥാനത്തു നിര്‍ത്തി ആരോഗ്യവകുപ്പ് ഡയറക്റുടെ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഗുരുതരാവസ്ഥയിലുള്ള രോഗിയെ പരിഗണിച്ചില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ചികില്‍സ നല്‍കുന്നതില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജിന് ഗുരുതര വീഴ്ച്ച പറ്റിയെന്ന് ആരോഗ്യവകുപ്പ് ഡയറക്റുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജുകളില്‍ ഉന്നതതല യോഗം ചേരാനും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഉത്തരവിട്ടു. വാഹനാപകടത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച മുരുകനെ വെന്‍റിലേറ്റര്‍ സൗകര്യം ഒഴിവില്ലാത്തതിനാലാണ് മറ്റാശുപത്രിയിലേക്ക് കൊണ്ടുപോയതെന്നായിരുന്നു സൂപ്രണ്ടിന്‍റെ വാദം. എന്നാല്‍ അന്നേ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 15 വെന്‍റിലേറ്റര്‍ ഒഴിവുണ്ടായിരുന്നതായി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.