പ്രവാസികള്‍ സൂക്ഷിക്കുക; ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം

First Published 7, Apr 2018, 4:23 PM IST
Health ministry warns of poisonous pills in UAE
Highlights

മാനദണ്ഡങ്ങള്‍ പാലിക്കാത്ത ചില മരുന്നുകള്‍ രാജ്യത്തെ വിപണിയില്‍ നിന്ന് പിന്‍വലിച്ചു.

ദുബായ്: ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന മരുന്നുകള്‍ക്കും ഭക്ഷ്യ സപ്ലിമെന്റുകള്‍ക്കുമെതിരെ യു.എ.ഇ ഹെല്‍ത്ത് ആന്റ് പ്രിവന്‍ഷന്‍ മിനിസ്ട്രി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രക്ത സമ്മര്‍ദ്ദം അതിവേഗം കുറയുക, ഉത്കണ്ഠ, പലതരം മാനസിക പ്രശ്നങ്ങള്‍, ഹൃദയ സംബന്ധമായ  അസുഖങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമായ മരുന്നുകളെക്കുറിച്ചാണ് മുന്നറിയിപ്പ് നല്‍കുന്നത്. ചില ഗര്‍ഭനിരോധ മരുന്നുകളും അപസ്മാരത്തിന് ഉപയോഗിക്കുന്ന ചില മരുന്നുകളും പാര്‍ശ്വഫലണ്ടളുണ്ടാക്കുന്നവയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

മാനദണ്ഡങ്ങള്‍ പാലിക്കാത്ത ചില മരുന്നുകള്‍ രാജ്യത്തെ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. സാല്‍മൊണെല്ല ബാക്ടീരിയ അടങ്ങിയ ഭക്ഷ്യ സപ്ലിമെന്റുകള്‍, ദഹനക്കേടിനും ഗ്യാസ്ട്രബ്ള്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയവയ്ക്കും കഴിക്കുന്ന ചില മരുന്നുകള്‍ തുടങ്ങിയവയും ആശുപത്രികളിലെ റേഡിയോളജി വിഭാഗങ്ങളില്‍ ഉപയോഗിക്കുന്ന ഒരു ഉപകരണവുമാണ് രാജ്യത്ത് നിന്ന് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രോഗികളുടെ ചില സ്കാന്‍ ഇമേജുകള്‍ നഷ്ടപ്പെടുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സെന്‍ട്രിസിറ്റി യൂണിവേഴ്സല്‍ വ്യൂവര്‍ എന്ന ഉപകരണത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഇക്കാര്യത്തില്‍ ആരോഗ്യ മന്ത്രാലയം കര്‍ശനമായ വ്യവസ്ഥകള്‍ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ അല്‍ അമീരി അറിയിച്ചു.

ശരീരഭാരം കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന shedfat maxx എന്ന മരുന്നില്‍ നിരോധിക്കപ്പെട്ട രാസവസ്തു അടങ്ങിയിരിക്കുന്നതായാണ് ആരോഗ്യ മന്ത്രാലയം കണ്ടെത്തിയത്. വിവിധ തരം മാനസിക പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് രക്ത സമ്മര്‍ദ്ദം കുറയാനും ഇത് കാരണമാകും. രാജ്യത്ത് രജിസ്റ്റര്‍ ചെയ്യാതെ വിറ്റഴിച്ചിരുന്ന ഈ മരുന്ന് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചു. ചില മരുന്നുകളുടെ ഘടകങ്ങളില്‍ അടുത്തകാലത്തായി മാറ്റങ്ങള്‍ വരുത്തിയതിനാല്‍ അവയുടെ ഉപയോഗം മറ്റ് പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഇത്തരം മരുന്നുകള്‍ രാജ്യത്ത് നിന്ന് പിന്‍വലിച്ചിട്ടില്ല.

നെഞ്ചെരിച്ചിലിന് ഉപയോഗിക്കുന്ന omacid എന്ന ഗുളിക അടുത്തിടെ സൗദിയില്‍ നിരോധിച്ചിരുന്നു. ജി.സി.സിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ മരുന്ന് യു.എ.ഇയില്‍ ഗുണനിലവാര പരിശോധന പൂര്‍ത്തീകരിച്ചിട്ടില്ല. ഇത് യു.എ.യില്‍ വിതരണം ചെയ്യില്ലെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഇത് ഉറപ്പുവരുത്താനുള്ള നിര്‍ദ്ദേശങ്ങളും ആരോഗ്യ മന്ത്രാലയം നല്‍കി.

loader