ആലപ്പുഴ: മന്ത്രി തോമസ്ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിനുമുന്നില്‍ പാര്‍ക്കിംഗ് സ്ഥലവും അപ്രോച്ച് റോഡും നിര്‍മ്മിച്ചത് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചാണെന്നതിന് സ്ഥിരീകരണമായി. ആലപ്പുഴ ജില്ലാ കളക്ടറുടെ ഹിയറിങില്‍ നിലം നികത്തിയില്ലെന്ന് സ്ഥലം ഉടമ അറിയിച്ചു. ഇതോടെ പാര്‍ക്കിംഗ് സ്ഥലം പൊളിച്ചുമാറ്റി നെല്‍പാടം പൂര്‍വ്വസ്ഥിതിയിലാക്കേണ്ടിവരുമെന്ന് ഉറപ്പായി.
ലേക്പാലസ് റിസോര്‍ട്ടിനുമുന്നിലെ പാര്‍ക്കിങ് സ്ഥലവും അപ്രോച്ച് റോഡും ഉള്‍പ്പെടുന്ന നാല് ഏക്കര്‍ ഭൂമി, രേഖകളനുസരിച്ച് മന്ത്രി തോമസ്ചാണ്ടിയുടെ ബന്ധുവായ ലീലാമ്മ ഈശോയുടെ പേരിലാണ്. 2007ലാണ് ഭൂമി കൈമാറി ഇവരുടെ പേരിലായത്. ഇന്നലെ വൈകുന്നേരം കളക്ടര്‍ നടത്തിയ തെളിവെടുപ്പില്‍ ലീലാമ്മ ഈശോയുടെ അഭിഭാഷകനാണ് ഹാജരായത്. തങ്ങള്‍ നിലം നികത്തിയിട്ടില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു. ലേക് പാലസ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയും തങ്ങള്‍ നിലം നികത്തിയില്ലെന്ന് ജില്ലാ കളക്ടറെ അറിയിച്ചു. എന്നാല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം വന്ന ശേഷം നിലം നികത്തല്‍ നടന്നിട്ടുണ്ടെന്ന് പുഞ്ച സ്പെഷ്യല്‍ ഓഫീസര്‍ യോഗത്തില്‍ പറഞ്ഞതോടെ അനധികൃത നികത്ത് ജില്ലാ കളക്ടര്‍ സ്ഥിരീകരിക്കുകയായിരുന്നു. നികത്തിയില്ലെന്ന് സ്ഥലമുടമ പറഞ്ഞതോടെ അനുമതിയും ഹാജരാക്കാനായില്ല.
ഇനിയിപ്പോള്‍ ജില്ലാ കളക്ടര്‍ക്ക് പാര്‍ക്കിങ് സ്ഥലവും അപ്രോച്ച് റോഡും പൊളിച്ച് നീക്കി നെല്‍പാടം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമമനുസരിച്ച് ഉത്തരവിടാം. ഒരു പക്ഷേ അന്തിമ റിപ്പോര്‍ട്ടില്‍ ഇക്കാര്യം ഉള്‍പ്പെടുത്തുകയാവും ചെയ്യുക. അതേസമയം കരുവേലി പാടശേഖരത്തിലെ വെള്ളം ഒഴുകിപ്പോകുന്ന നീര്‍ച്ചാലിന്റെ ഗതി മാറ്റിയിരുന്നതായി പുഞ്ച സ്പെഷ്യല്‍ ഓഫീസര്‍ തെളിവെടുപ്പ് യോഗത്തില്‍ അറിയിച്ചു. എന്നാല്‍ അങ്ങനയൊരു ഗതിമാറ്റല്‍ ഉണ്ടായില്ലെന്നായിരുന്നു പാടശേഖര സമിതിയുടെ നിലപാട്. നീര്‍ച്ചാലിന്റെ ഗതിമാറ്റിയതായി ജില്ലാ കളക്ടര്‍ തന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ തന്നെ സ്ഥിരീകരിച്ചതാണ്. ബന്ധപ്പെട്ട കക്ഷികളുടെ ഭാഗം കൂട്ടി കേട്ടതോടെ ഇനി അന്തിമ റിപ്പോര്‍ട്ടിന്റെ നടപടികളിലേക്ക് ജില്ലാ കളക്ടര്‍ കടക്കും. ഇതിനിടയില്‍ മാര്‍ത്താണ്ഡം കായലും ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചിരുന്നു. മറ്റ് റവന്യൂ രേകഖള്‍ കൂടി വ്യക്തമായി പഠിച്ച ശേഷം മന്ത്രി തോമസ്ചാണ്ടി നടത്തിയ നിയമലംഘനങ്ങളെക്കുറിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് ജില്ലാ കള്കടര്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് വിവരം.
