മഹാരാഷ്ട്രയിലെ ശനി ഷിംഗ്നാപൂര്‍ ക്ഷേത്രത്തിലുണ്ടായിരുന്നതു പോലെ സ്ത്രീപ്രവേശനത്തിന് പൂര്‍ണനിരോധനമല്ല ശബരിമലയിലുള്ളതെന്നായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ വാദിച്ചത്. പത്ത് മുതല്‍ അന്‍പത് വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് പ്രവേശനത്തിന് നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനുള്ള കൃത്യമായ മാനദണ്ഡമെന്താണെന്ന് സുപ്രീംകോടതി ചോദിച്ചു. ആര്‍ത്തവം മൂലം 41 ദിവസത്തെ വ്രതമെടുത്ത് മല ചവിട്ടാന്‍ സ്ത്രീകള്‍ക്കാവില്ലെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ പറഞ്ഞു.
അയ്യപ്പനെ ആരാധിയ്ക്കാന്‍ ശബരിമലയല്ലാതെ മറ്റേത് അയ്യപ്പക്ഷേത്രങ്ങളിലും യുവതികള്‍ക്ക് പ്രവേശിയ്ക്കാമെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞു. ആര്‍ത്തവമാണോ നിങ്ങള്‍ സ്ത്രീകളുടെ ശുദ്ധിയെ അളക്കാനുപയോഗിയ്ക്കുന്ന അളവുകോലെന്ന് സുപ്രീംകോടതി ചോദിച്ചു. എല്ലാ പുരുഷന്‍മാരും 41 ദിവസത്തെ വ്രതമെടുത്താണോ മല ചവിട്ടുന്നത്? വ്രതമെടുക്കാത്ത പുരുഷന്‍മാര്‍ക്ക് പതിനെട്ടാം പടി ചവിട്ടാതെ ക്ഷേത്രദര്‍ശനം നടത്താമെങ്കില്‍ അതേ നിയമങ്ങള്‍ സ്ത്രീകള്‍ക്കും ബാധകമാക്കിക്കൂടേ എന്നും കോടതി ചോദിച്ചു.
എന്നാല്‍ ദേവപ്രശ്‌നത്തില്‍ സ്ത്രീപ്രവേശനം അയ്യപ്പന് താത്പര്യമില്ലെന്നാണ് തെളിഞ്ഞതെന്നും ഇത് ഭക്തരുടെ വിശ്വാസപ്രശ്‌നമാണെന്നുമായിരുന്നു ദേവസ്വം ബോര്‍ഡിന്റെ മറുപടി. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഹിന്ദുമതത്തില്‍ മാത്രമല്ല, എല്ലാ മതങ്ങളിലുമുണ്ട്. അത് ഉയര്‍ത്തിപ്പിടിയ്ക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്നുമുണ്ട്.
ഇതാണ് ശബരിമലയിലെ സ്ത്രീപ്രവേശനം വിലക്കുന്നത് ശരിവെച്ചുകൊണ്ടുള്ള 1991 ലെ ഹൈക്കോടതി ഉത്തരവ് പറയുന്നതെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചു. എന്നാല്‍ അജ്ഞാതനായ ഒരാളെഴുതിയ കത്തിന്‍മേലല്ലേ ഹൈക്കോടതി കേസ് ഫയലില്‍ സ്വീകരിച്ചതെന്നും വിധി പറഞ്ഞതെന്നും ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു. കേസില്‍ ഇനി തിങ്കളാഴ്ച വാദം തുടരും.
