ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങി അണുനശീകരണ യന്ത്രം കേടായി വകുപ്പ് മേധാവി സൂപ്രണ്ടിന് കത്ത് നൽകി ഉടന്‍ ശരിയാക്കുമെന്ന് സൂപ്രണ്ട് 

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ഹൃദയ ധമനികളിലെ ബ്ലോക്ക് മാറ്റുന്ന ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയകള്‍ മുടങ്ങി. ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന ഉപകരണം കേടായതോടെയാണ് ശസ്ത്രക്രിയകള്‍ മുടങ്ങിയത്. ഇതിനിടെ വിതരണക്കാരുടെ സമരവും ശസ്ത്രക്രിയകളെ ബാധിച്ചു തുടങ്ങി. 

കെ എച്ച് ആര്‍ ഡബ്ലു എസിനു കീഴിലാണ് പ്രധാന കാത്ത് ലാബ് . ഇവിടുത്തെ ഇ ടി ഒ ഉപകരണമണ് കേടായത് . ഇത് സംബന്ധിച്ച് ഹൃദ്രോഗ ചികില്‍സ വിഭാഗം മേധാവി സൂപ്രണ്ടിന് കത്ത് നല്‍കി . വിതരണക്കാരുടെ സമരം ഉള്ളതിനാല്‍ ഹൃദയ ശസ്ത്രക്രിയക്കടക്കമുള്ള വയറുകളും സ്റ്റെന്‍റുകളും ഒന്നും കിട്ടാനില്ല. അതിനാല്‍ തന്നെ ഒരാള്‍ക്ക് ഉപയോഗിച്ച വയറുകള്‍ അണുവിമുക്തമാക്കിയാണ് മറ്റുള്ളവർക്കും ഉപയോഗിച്ചിരുന്നത്. അണുവിമുക്തമാക്കുന്ന ഉപകരണം കേടായതോടെ അത് നടപ്പാകാതെയായി. ഇതോടെ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി. 

അതേസമയം കേടായ ഉപകരണം നന്നാക്കാനുള്ള നടപടികൾ തുടങ്ങിയെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ.എം എസ് ഷർമദിന്‍റെ വിശദീകരണം. രോഗികളെ ബുദ്ധിമുട്ടിലാക്കുന്ന തരത്തില്‍ അടിയന്തര ശസ്ത്രക്രിയകള്‍ മുടങ്ങില്ല. വിതരണക്കാര്‍ക്ക് നല്‍കാനുള്ള തുക കൊടുത്തു തീര്‍ക്കാനുള്ള നടപടികള്‍ അന്തിമ ഘടത്തിലാണെന്നും സൂപ്രണ്ട് അറിയിച്ചു. 18 കോടി രൂപ കുടിശിക നല്‍കാത്തതിനെത്തുടർന്ന് ഈ മാസം 16 മുതല്‍ സ്റ്റെന്‍റ് , പേസ് മേക്കർ വിതരണക്കാര്‍ വിതരണം നിര്‍ത്തിവച്ചിരിക്കുകയാണ്