ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായി. അർദ്ധരാത്രിയോടെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെതിരെ ബലാത്സംഗം, ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവയുൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണുള്ളത്.
പാലക്കാട്: അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് സിപിഎം നേതാവ് പി സരിൻ. സാധാരണ ഈ ഹോട്ടലിലേക്ക് വരുമ്പോൾ ഒരു നീലപ്പെട്ടി കൈയ്യിൽ കരുതാറുണ്ടല്ലോ. സാരമില്ല, തൊണ്ടിമുതലിന്‍റെ കൂട്ടത്തിൽ പൊലീസ് അത് സാവധാനം എടുപ്പിച്ചോളും എന്നാണ് പി സരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തെ നീലപ്പെട്ടി വിവാദം കൂടി സൂചിപ്പിച്ച് കൊണ്ടാണ് സരിന്‍റെ പരിഹാസം. രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഇനിയും തെളിവുകൾ പുറത്തുവരുമെന്ന് വിവാദം ഉയർന്ന സമയത്ത് തന്നെ സരിൻ പറഞ്ഞിരുന്നു. രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനാകുന്നതിന് മുമ്പും ശേഷവും ഷാഫി പറമ്പിലിന് എത്ര പരാതികൾ കിട്ടി എന്ന് വ്യക്തമാക്കണം. രാഹുൽ മാങ്കൂട്ടത്തിൽ മാത്രം വിചാരണ ഒതുങ്ങാതെ ഷാഫി പറമ്പിലിലേക്കും പ്രതിപക്ഷ നേതാവിലേക്കും വ്യാപിപ്പിക്കേണ്ടിവരുമെന്നുമാണ് അന്ന് സരിൻ മാധ്യമങ്ങളോട് പറഞ്ഞത്.
നിർണായകമായ അറസ്റ്റ്
മൂന്നാമത്തെ ബലാത്സംഗ കേസിലാണ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. അർദ്ധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ ക്യാംപിലെത്തിച്ചു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും സാമ്പത്തിക ചൂഷണവുമുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. പത്തനംതിട്ട ക്യാംപിൽ രാഹുലിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. തിരുവല്ല മജിസ്ട്രേറ്റ് മുന്നിൽ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം.
മൂന്നാമത്തെ കേസിൽ പരാതിക്കാരി സാമ്പത്തിക ഇടപാടുകളുടെ തെളിവടക്കം പൊലീസിന് കൈമാറിയെന്ന് വിവരം. രാഹുലിന് വിലകൂടിയ വാച്ചുകളും വസ്ത്രങ്ങളും ചെരുപ്പുകളും സൗന്ദര്യ വർദ്ധക വസ്തുക്കളും വാങ്ങി നൽകിയെന്നാണ് മൊഴി. ചെരിപ്പ് വാങ്ങാൻ മാത്രം പതിനായിരം രൂപ യുപിഐ വഴി രാഹുലിന് അയച്ചുകൊടുത്തതിന്‍റെ തെളിവടക്കം ഇതിലുണ്ട്. പത്തനംതിട്ട ജില്ലക്കാരിയായ യുവതി, ഭ്രൂണത്തിന്‍റെ സാമ്പിൾ ശേഖരിച്ചുവച്ച കേസായതിനാൽ പാലക്കാട് എംഎൽഎക്ക് ഉടൻ ജാമ്യം ലഭിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.


