ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് ആരാണെന്ന് അറിയില്ലെന്ന് പികെ ശശി. ഇങ്ങനെയൊരു കാര്യത്തെ പറ്റി ആലോചിച്ചിട്ടില്ലെന്നും ഓരോ പാർട്ടികളും അവരുടെ ചിഹ്നങ്ങളിൽ തന്നെ മത്സരിക്കുന്ന മണ്ഡലമാണ് ഒറ്റപ്പാലമെന്നും പികെ ശശി
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ തള്ളി സിപിഎം നേതാവ് പികെ ശശി. കോൺഗ്രസ് നേതാക്കളാരും പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ല. താൻ അടിയുറച്ച കമ്മ്യൂണിസ്റ്റ് ആണെന്നും സിപിഎം വിടില്ലെന്നും ശശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് ആരാണെന്ന് അറിയില്ലെന്ന് പികെ ശശി പറഞ്ഞു. ഇങ്ങനെയൊരു കാര്യത്തെ പറ്റി ആലോചിച്ചിട്ടില്ല. ഓരോ പാർട്ടികളും അവരുടെ ചിഹ്നങ്ങളിൽ തന്നെ മത്സരിക്കുന്ന മണ്ഡലമാണ് ഒറ്റപ്പാലം. ഇടക്കാലത്ത് താൻ ചില അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. യഥാർത്ഥത്തിൽ താനിപ്പോഴും കമ്മ്യൂണിസ്റ്റാണ്. പാർട്ടിയുടെ തീരുമാനങ്ങൾക്ക് അനുസരിച്ചാണ് താൻ നിൽക്കുന്നത്. ഒരു കോൺഗ്രസ് നേതാവും ഞാനുമായി സംസാരിച്ചിട്ടില്ല. പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട് ഈ പ്രദേശങ്ങളിൽ വികെ ശ്രീകണ്ഠൻ വരുമ്പോൾ സംസാരിക്കാറുണ്ട്. കോണ്‍ഗ്രസിലെ മറ്റു നേതാക്കളുമായും ബന്ധമുണ്ട്. ഞങ്ങളെല്ലാവരും സുഹൃത്തുക്കളാണ്.
പാർട്ടിയാണ് എല്ലാം തീരുമാനിക്കുന്നത്. ഞാൻ അനിവാര്യമാണെന്ന് തോന്നിയാൽ പാർട്ടി തീരുമാനമെടുക്കും, അല്ല മറിച്ചാണെങ്കിൽ അങ്ങനെയും തീരുമാനമെടുക്കും. എന്ത് തീരുമാനമാണെങ്കിലും പാർട്ടി എടുക്കും. പാർട്ടി സംസ്ഥാന നേതൃത്വമാണ് ചുമതല ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത്. മറിച്ച് തീരുമാനമെടുത്താൽ അത് അംഗീകരിക്കും. ഏൽപ്പിച്ച ചുമതല കുറ്റമറ്റ രീതിയിൽ ചെയ്തിട്ടുണ്ട്. യാഥാർത്ഥ്യമെന്തെന്ന് തിരിച്ചറിയാത്തവരാണ് തനിക്കെതിരെ ഭീഷണി മുഴക്കുന്നത്. മണ്ണാർക്കാട് തനിക്കെതിരെ മുദ്രാവാക്യം വിളിച്ചയാളുകളെ പാർട്ടി അംഗീകരിക്കുമെന്ന് താനൊരിക്കലും കരുതുന്നില്ല. ആ സമീപനം പാർട്ടി സ്വീകരിക്കില്ല. അതിനൊന്നും ഞാൻ മറുപടി പറഞ്ഞിട്ടില്ല. അവരോടൊക്കെ സഹതാപമേയുള്ളൂ. ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് അനുഭവങ്ങളാണ്. തൻ്റെ അറിവോടെയല്ല പാർട്ടിക്കെതിരെ മത്സരിച്ചിട്ടുള്ളത്. കോൺഗ്രസിൽ നിന്ന് ക്ഷണം വരില്ല. യാതൊരു ബന്ധമില്ലാത്തവരെ കോൺഗ്രസിൽ മത്സരിക്കാൻ വിളിക്കില്ലെന്നും പികെ ശശി പറഞ്ഞു.



