അമ്മമാരുടെ പാട്ട് കേൾക്കാൻ എല്ലാവർക്കും കൊതിയാണ്. അവരുടെ സ്നേഹവും വാത്സല്യവും എല്ലാം ആ പാട്ടുകളിൽ തുളുമ്പി നിൽക്കും. അത്തരത്തിൽ ഒരമ്മ മകന് വേണ്ടി പാടിയ പാട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. മലയാളികൾക്ക് എത്ര കേട്ടാലും മതി വരാത്ത 'അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്..നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായി...’ എന്ന ​ഗാനമാണ് ഈ അമ്മ പാടുന്നത്. മകന് വേണ്ടിയാണെങ്കിലും ആ ​ഗാനം കേട്ടിരുന്നത് സൈബർ ലോകം മുഴുവനുമായിരുന്നു. വെള്ളം ചൂടാക്കുന്നതിനിടയിൽ തീയുടെയും പുകയുടെയും ഇടയിൽ ഇരുന്നാണ് അമ്മ പാടുന്നത്. 

പാട്ടിന് മുൻപും പിൻപും എരിയുന്ന തീയ്ക്ക് മുന്നിലിരുന്ന് ഈ അമ്മ പറഞ്ഞ വാക്കുകളും ഉള്ളിലെവിടയോ നീറ്റലുളവാക്കുന്നുണ്ട്. മകൻ ഒത്തിരി തവണ നിർബന്ധിച്ചിട്ടാണ് അമ്മ പാടുന്നത്. 'മതിയെടാ ചെറുക്കാ, ഇനി പാടിയാൽ ഞാൻ കരഞ്ഞു പോകും. ഇതൊന്നും ഒരു പാട്ടല്ല മക്കളെ, ജീവിതമാണ്. ഈ പാട്ടൊക്കെ ഓരോ ജീവിതമാണ്. ജീവിതം വച്ച് കളിക്കുന്നവർക്ക് വേണ്ടിയുള്ള പാട്ടുകളാ. ജീവിതത്തിൽ ആരെയും ചതിക്കാൻ പാടില്ല. ആരെയും.. അമ്മയ്ക്ക് ഏറെ ഇഷ്ടമുള്ള പാട്ടാ ഇത്. പക്ഷേ ഇങ്ങനെയാെന്നുമല്ല പാടേണ്ടത്. വീട്ടിൽ കിടന്ന് മോങ്ങുന്ന എനിക്കൊന്നും പാട്ട് പറഞ്ഞിട്ടില്ല..’പാട്ടിനൊപ്പം അമ്മ മകനോട് പറഞ്ഞ ഈ വാക്കുകളിൽ എവിടെയോ നീറുന്നൊരോർമ്മ കിടപ്പുണ്ട്. ഈ വാക്കുകൾ തന്നെയാണ് സൈബർ ലോകത്ത് ഏറെ ശ്രദ്ധ നേടുന്നതും.

എന്തായാലും ഈ അമ്മപ്പാട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ പാട്ടും അമ്മയുടെ വാക്കുകളും സൈബർ ലോകം ഏറ്റെടുത്തിരിക്കുകയാണ്.